25 April 2024 Thursday

'കേരളം വിടരുത്'; ബലാത്സംഗ കേസിൽ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം

ckmnews

കൊച്ചി: ബലാത്സംഗം കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയ്ക്ക് കര്‍ശന ഉപാധികളോടെ മുൻകൂർ ജാമ്യം.  11 ഉപാധികളോടെയാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. കേരളം വിടരുത്, ഒക്ടോബർ 22നും നവംബർ 1നും ഇടയില്‍ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം, അഞ്ച് ലക്ഷം രൂപ ജാമ്യതുക അല്ലെങ്കിൽ തത്തുല്യമായ രണ്ട് ആൾ ജാമ്യം, മൊബൈൽ ഫോണും പാസ്‍പോര്‍ട്ടും കോടതിയില്‍ സറണ്ടര്‍ ചെയ്യണം, പരാതിക്കാരിയെ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാണോ പാടില്ല, സോഷ്യൽ മീഡിയയിൽ പ്രകോപന പരമായ പോസ്റ്റിടരുത്, സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങൾ ആവശ്യമെങ്കിൽ അന്വേഷണ ഉദ്യോസ്ഥർക്ക് നൽകണം, സമാന കുറ്റങ്ങളിൽ ഏർപ്പെടുന്നത് പാടില്ല എന്നീ ഉപാധികളോടെയാണ് എൽദോസിന് കോടതി മുൻകൂർ ജാമ്യം നല്‍കിയത്.


യുവതിയെ തട്ടികൊണ്ട് പോയി ദേഹോപദ്രവം ചെയ്തതിനാണ് പൊലീസ് ആദ്യം കേസെടുത്തത്. യുവതി തുടർന്ന് നൽകിയ മൊഴിയിലാണ് ബലാ‌‌ത്സംഗം വകുപ്പ് കൂടി ചുമത്തിയത്. ഇതിന് ശേഷമാണ് ജാമ്യ ഹർജിയിൽ വാദം പൂർത്തിയായത്. ജാമ്യ ഹ‍ർജിയിൽ വാദം പൂർത്തിയായ ശേഷമാണ് എൽദോസിനെതിരെ വധശ്രമ വകുപ്പ് കൂടി പൊലീസ് ചുമത്തിയത്. എൽദോസിനെതിരെ കൂടുതൽ വകുപ്പ് ചുമത്തിയ കാര്യം പൊലീസ് കോടതിയെ അറിയിച്ചുണ്ട്. യുവതിയെ തട്ടിക്കൊണ്ട് പോയി ദേഹോപദ്രവമേൽപ്പിക്കൽ, ബലാത്സംഗം, വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകളാണ് നിലവിൽ എംഎൽഎയ്ക്ക് മേലുള്ളത്.