24 April 2024 Wednesday

മലയാലപ്പുഴ മന്ത്രവാദ കേസ്; 'വാസന്തി മഠം' നടത്തിപ്പുകാരായ ദമ്പതികള്‍ക്ക് ജാമ്യം

ckmnews

പത്തനംതിട്ട: പത്തനംതിട്ട മലയാലപ്പുഴ മന്ത്രവാദ കേസിൽ പ്രതികൾക്ക് ജാമ്യം. ഉപാധികളോടെയാണ് പ്രതികളായ ശോഭനയ്ക്കും ഉണ്ണി കൃഷ്ണനും പത്തനംതിട്ട ജുഡീഷ്യസ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ഏത് സമയവും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. മന്ത്രവാദ കേന്ദ്രത്തിലേക്ക് പ്രവേശിക്കാനും പാടില്ല. എന്നാൽ പ്രതികളുടെ ജാമ്യാപേക്ഷയെ പൊലീസ് കോടതിയിൽ എതിർത്തില്ല. സംഭവത്തിൽ കൂടുതൽ പരാതികൾ കിട്ടുകയാണെങ്കിൽ വിശദമായി അന്വേഷിക്കും എന്നാണ് പൊലീസ് വിശദീകരണം. നിലവിൽ ഒരു പരാതി മാത്രമാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ളത്


വാസന്തീ മഠം എന്ന പേരിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ കുട്ടികളെപ്പോലും മന്ത്രവാദത്തിന് വിധേയമാക്കുന്നു എന്നായിരുന്നു പരാതി. നാല് മാസം മുമ്പ് മന്ത്രവാദ കേന്ദ്രത്തിൽ ഒരു കുട്ടിയെ ഉപയോഗിച്ച് പൂജകൾ നടത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിവിധ യുവജന സംഘടനകൾ ഇവിടേക്ക് പ്രതിഷേധ മാർച്ച്‌ നടത്തിയിരുന്നു. ഇതിനിടെ തുടര്‍ന്നാണ് ശോഭനയെയും ഉണ്ണികൃഷ്ണനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്. ചതി, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.