25 April 2024 Thursday

വി എസ് ഇന്ന് 99-ാം പിറന്നാള്‍ ആശംസകളാര്‍പ്പിച്ച് കേരളം

ckmnews

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമര യൗവ്വനം വിഎസ് അച്യുതാനന്ദൻ നൂറിന്റെ നിറവിലേക്ക്. വിഎസ് പൊതുവേദിയിൽ നിന്ന് മാറി നിന്ന് തുടങ്ങിയിട്ടിപ്പോൾ മൂന്ന് വര്‍ഷമായി. നേരിയ പക്ഷാഘാതത്തിന്റെ പടിയിലകപ്പെട്ടതിനാൽ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമാണുള്ളത്. അതിനാൽ കാര്യമായ പിറന്നാൾ ആഘോഷവുമില്ല.


കോടിയേരി നമ്മെ വിട്ടുപോയി. ആദ്യം ചെയ്തത് അച്ഛനോട് വിവരം പറയുകയാണ്. ആ കണ്ണിൽ നനവ് വ്യക്തമായി കാണാമായിരുന്നു. കോടിയേരിയുടെ വിയോഗ ശേഷം വിഎ അരുൺകുമാര്‍ സമൂഹ മാധ്യമത്തിലിട്ട കുറിപ്പാണ്. സമീപകാലത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഉണ്ടായ കനത്ത നഷ്ടത്തെ വിഎസ് ഉൾക്കൊണ്ടത് കണ്ണിൽ പരന്ന് നിറഞ്ഞ ആ നനവിലൂടെയാണ്.


ചരിത്രം കുറിച്ച തുടര്‍ഭരണത്തിലൂടെ അധികാരത്തിലെത്തിയ പാര്‍ട്ടി കേരളം ഭരിക്കുകയാണ്. ഭരണ സിരാകേന്ദ്രത്തിന്റെ ഒരു വിളിപ്പാടകലെ മകന്റെ വീട്ടിൽ പരിപൂര്‍ണ്ണ വിശ്രമത്തിലാണ് വിഎസ്. ചുറ്റും നടക്കുന്ന എല്ലാം അറിയുന്നുണ്ട്. മിന്നിയും മാ‍ഞ്ഞും മുഖത്ത് തെളിയുന്ന പ്രതികരണങ്ങളിൽ നിന്നാണ് അടുത്ത ബന്ധുക്കൾ അതെല്ലാം വായിച്ചെടുക്കുന്നത്. നിലയ്ക്കാതെ എത്തുന്ന ക്ഷേമാന്വേഷണങ്ങളിൽ നിറയെ നിന്ന് നാടിന് വിഎസിനോടുള്ള സ്നേഹ വായ്പാണ്.


കലഹിച്ചാലും പിണങ്ങിയാലും സിപിഎമ്മിനകത്തെ തിരുത്തലിന്റേയും കരുതലിന്റേയും പേരാണ് വിഎസ്. പൊതുജീവിതത്തിന്‍റെ സജീവതയിൽ നിന്ന് ആ മനുഷ്യൻ വീട്ടിലേക്ക് ഒതുങ്ങിയപ്പോൾ വിഎസ് ഉണ്ടായിരുന്നെങ്കിലെന്ന് ചിന്തിച്ച എത്രയെത്ര സന്ദര്‍ഭങ്ങൾ. പാര്‍ട്ടിക്കും മുന്നണിക്കും പ്രത്യയ ശാസ്ത്ര വ്യതിയാനം ഉണ്ടായപ്പോഴും , ഒരിക്കലും പ്രതീക്ഷിക്കാത്ത ബന്ധങ്ങളിൽ ഇടതുമുന്നണി ചെന്ന് നിന്നപ്പോഴും വിഎസ് പ്രതികരിക്കണമെന്ന് ആഗ്രഹിച്ചവര് പാര്‍ട്ടിക്കകത്തും പുറത്തുമുണ്ട്. വലതുപക്ഷ വ്യതിയാനമെന്ന ആരോപണം ഉയരുമ്പോൾ, സംസ്ഥാന നേതൃത്വത്തെ ദേശീയ ഘടകം പൊതിഞ്ഞു പിടിക്കുമ്പോൾ, എന്തിനേറെ വികസനത്തിന്റെ പേരിൽ മുതലാളിത്തത്തോട് സന്ധി ചെയ്യുന്നെന്ന ആക്ഷേപമുയരുന്ന സമീപകാലത്തു പോലും പൊതു സമൂഹത്തിന് മുന്നിൽ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയനാണ് വിഎസ്.