20 April 2024 Saturday

അധ്യക്ഷനെ തെരഞ്ഞെടുക്കാൻ കോൺഗ്രസ്; വോട്ടെടുപ്പ് പുരോഗമിക്കുന്നു, ആത്മവിശ്വാസത്തോടെ സ്ഥാനാർത്ഥികൾ 

ckmnews

ദില്ലി : കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. എഐസിസിയിലും, പിസിസികളിലുമായി സജ്ജീകരിച്ചിട്ടുള്ള 67 ബൂത്തുകളിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. രാവിലെ പത്തിന് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് നാല് വരെ നീണ്ടുനിൽക്കും. ഭാരത് ജോഡോ യാത്രയിൽ ഒരു ബൂത്തിലും വോട്ട് ചെയ്യാനുള്ള സജീകരണങ്ങളൊരുക്കിയിട്ടുണ്ട്. പോരാട്ടം കോൺഗ്രസ് പാർട്ടിയുടെ നൻമ്മക്ക് വേണ്ടിയാണെന്നും ഇത് പ്രവർത്തകരുടെ ദിവസമാണെന്നും സ്ഥാനാർത്ഥികളിലൊരാളായ ശശി തരൂർ പ്രതികരിച്ചപ്പോൾ, എല്ലാവരുടെയും പിന്തുണ തനിക്കുണ്ടെന്നായിരുന്നു മല്ലികാർജുന ഖർഗെയുടെ പ്രതികരണം. 


രാവിലെ പത്ത് മണിക്ക് ആരംഭിച്ച തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കൾ വോട്ട് ചെയ്തു. സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, പി ചിദംബരം, ജയറാം രമേശ്, അടക്കമുള്ള മുതിർന്ന നേതാക്കൾ ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് വോട്ട് ചെയ്ത്  മടങ്ങി. കോൺഗ്രസിലെ ജനാധിപത്യത്തിൻറെ തെളിവാണിതെന്നും ഐതിഹാസിക മുഹൂർത്തമെന്നും ജയറാം രമേശ് വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ജനാധിപത്യപരമായിരിക്കുമെന്ന് പി ചിദംബരവും പ്രതികരിച്ചു.