29 March 2024 Friday

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ സംഭവം: അടിയന്തര അന്വേഷണത്തിന് നിർദേശം, പ്രത്യേക സംഘം രൂപീകരിച്ചു

ckmnews

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയെന്ന പരാതിയില്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവ്. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. അബ്ദുള്‍ റഷീദ് കോര്‍ഡിനേറ്ററായ സംഘത്തെത്താണ് അന്വേഷണത്തിനായി നിയോഗിച്ചത്. ജോയിന്റ് ഡയറക്ടര്‍ നഴ്‌സിംഗ് ഡോ. സലീന ഷാ, കൊല്ലം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് മെഡിസിന്‍ വിഭാഗം മേധാവി ഡോ. രഞ്ജു രവീന്ദ്രന്‍ എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ. സംഭവം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടിയോട് മന്ത്രി വീണ ജോർജ് റിപ്പോർട്ട് തേടിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.