24 April 2024 Wednesday

ദുബായ് യാത്ര ; മുഖ്യമന്ത്രിയോടും ആരോഗ്യ മന്ത്രിയോടും വിശദീകരണം തേടി കേന്ദ്ര സർക്കാർ

ckmnews

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ ദുബായ് യാത്രയിൽ വിശദീകരണം തേടി കേന്ദ്ര സർക്കാർ. സ്വകാര്യ യാത്രയ്‌ക്ക് സർക്കാർ ഉദ്യോഗസ്ഥരെ ഒപ്പം കൂട്ടാൻ അനുവാദമില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ മന്ത്രി വീണ ജോർജ്ജിന്റെ ദുബായ് സന്ദർശനത്തിലും കേന്ദ്ര സർക്കാർ വിശദീകരണം തേടിയിട്ടുണ്ട്. യുകെ, നോർവേ സന്ദർശനങ്ങൾക്കാണ് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയത്. എന്നാൽ, യുകെ, നോർവേ സന്ദർശനങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്നതിന് പകരം ദുബായ് വഴി മടങ്ങാനാണ് മുഖ്യമന്ത്രി തീരുമാനിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പിന്നീടാണ് മുഖ്യമന്ത്രി വിദേശകാര്യ മന്ത്രാലയത്തിന് അപേക്ഷ നൽകിയത്.ദുബായ് സന്ദർശനം സ്വകാര്യ സന്ദർശനമാണ് എന്നാണ് മുഖ്യമന്ത്രി കേന്ദ്ര സർക്കാരിനെ അറിയിച്ചത്. എന്നാൽ, സ്വകാര്യ സന്ദർശനമാണെങ്കിൽ പേഴ്സണൽ സ്റ്റാഫിനെ ഒപ്പം കൊണ്ടു പോയത് എന്തിനെന്ന് കേന്ദ്രം ആരാഞ്ഞു. ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.


യുകെയിലെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ദുബായ് വഴി മടങ്ങാനുള്ള സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജിന്റെ തീരുമാനത്തിലും കേന്ദ്ര സർക്കാർ ഇടപെട്ടു. മുഖ്യമന്ത്രിയുടെ കാര്യത്തിൽ സ്വീകരിച്ച അതേ നിലപാട് തന്നെയാണ് വീണാ ജോർജ്ജിന്റെ കാര്യത്തിലും കേന്ദ്ര സർക്കാർ സ്വീകരിച്ചത്.