28 March 2024 Thursday

ബഫർ സോൺ; സുപ്രീം കോടതി വിധിയിൽ കേരളത്തിന്‍റെ പുന:പരിശോധന ഹർജി നാളെ പരിഗണിക്കും

ckmnews

ദില്ലി: സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ നടപ്പാക്കാനുള്ള സുപ്രീം കോടതി വിധിയിൽ  കേരളത്തിന്‍റെ പുന:പരിശോധന ഹർജി നാളെ പരിഗണിക്കാമെന്ന് കോടതി. ഹർജി ഫയൽ ചെയ്ചിട്ടും ഇത് ലിസ്റ്റിൽ വരാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത ഇന്ന് പുന:പരിശോധനാ ഹർജി സംബന്ധിച്ച് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ പരാമർശിച്ചത്. 


ഹർജി അടിയന്തരമായി കേൾക്കണമെന്നും ബഫർ സോൺ വിധി, സംസ്ഥാനത്തെ ജനങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്നും ജയ്ദീപ് ഗുപ്ത കോടതിയെ ധരിപ്പിച്ചു. ഇതോടെയാണ് കോടതി, സംസ്ഥാനത്തിന്‍റെയും കേന്ദ്രത്തിന്‍റെയും അടക്കം ഇത് സംബന്ധിച്ച ഹർജികൾ നാളെ തന്നെ പരിഗണിക്കാൻ തീരുമാനിച്ചത്. ഇതോടെ ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാനത്തിന്‍റെ ആശങ്കകൾ കോടതിയെ അറിയിക്കാൻ വഴിയൊരുങ്ങുകയാണ്. പുനഃപരിശോധന അപേക്ഷയിൽ, സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റർ ചുറ്റളവിൽ ജനങ്ങളെ ഒഴിപ്പിച്ചുകൊണ്ട് ബഫർസോൺ നടപ്പാക്കുന്നതും പിന്നീട് ജനങ്ങളെ പുനരധിവസിപ്പിക്കുന്നതും സംസ്ഥാനത്തെ വലിയ പ്രതിസന്ധിയിലേക്ക് എത്തിക്കുമെന്ന് കേരളം വ്യക്തമാക്കിയിരുന്നു.