28 March 2024 Thursday

റോ-റോ സർവീസ് കേരളത്തിൽ : കുറ്റിപ്പുറം വഴിയുള്ള പരീക്ഷണ ഓട്ടം നടത്തി

ckmnews

റോ-റോ  സർവീസ് കേരളത്തിൽ :  കുറ്റിപ്പുറം വഴിയുള്ള  പരീക്ഷണ ഓട്ടം നടത്തി


റോ-റോ (റോൾ ഓൺ-റോൾ ഓഫ്) സർവീസ് കേരളത്തിൽ ആരംഭിക്കുന്നതിനു മുന്നോടിയായി പരീക്ഷണ ഓട്ടം നടത്തി. കൊങ്കൺ റെയിൽവേയിലെ സൂറത്കൽ മുതൽ ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷനിലെ ഷൊർണൂർ വരെയാണു പരീക്ഷണ ഓട്ടം നടത്തിയത്.പാതയിലെ തുരങ്കങ്ങൾ, പാലങ്ങൾ തുടങ്ങിയവ കടന്നു പോകുന്നതിനു തടസ്സമുണ്ടോ എന്നാണു പ്രധാനമായി പരിശോധിച്ചത്. മംഗളൂരു കുലശേഖര, കാസർകോട് കളനാട് എന്നിവിടങ്ങളിലായി 2 തുരങ്കങ്ങളുണ്ട്. രണ്ടിടത്തും പരീക്ഷണ ഓട്ടം വിജയമായിരുന്നു. കോഴിക്കോട് റെയിൽവേ സ്റ്റേഷനു സമീപത്തെ മേൽപാലത്തിന് അൽപം ഉയരക്കുറവുണ്ടെങ്കിലും അതും റോ–റോ സർവീസിനെ ബാധിക്കില്ല എന്നാണു വിലയിരുത്തൽ.അഡീഷനൽ ഡിവിഷനൽ ഇലക്ട്രിക്കൽ എൻജിനീയർ ചെഞ്ചു ബാബു, റെയിൽവേ മംഗളൂരു ഏരിയാ ഓഫിസർ കെ.വി.ശ്രീധരൻ, ട്രാഫിക് ഇൻസ്പെക്ടർ കെ.സുശീൽ എന്നിവർ ട്രെയിനിൽ സഞ്ചരിച്ച് പരിശോധന നടത്തി. കോഴിക്കോട് വെസ്റ്റ്ഹില്ലിൽ ട്രക്കുകൾ ട്രെയിനിൽ കയറ്റാനും ഇറക്കാനുമുള്ള സൗകര്യം ഒരുക്കുന്നതും സംഘം വിലയിരുത്തി.റോ-റോ സർവീസ് കണ്ണൂരിലേക്ക് ദീർഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സ് റെയിൽവേ അധികാരികൾക്കു നിവേദനം നൽകിയിരുന്നു. കണ്ണൂർ, കോഴിക്കോട്, എറണാകുളം മേഖലകളിൽ നിന്നാണ് റോ–റോ കേരളത്തിലേക്കു നീട്ടണമെന്ന ആവശ്യം പ്രധാനമായി ഉയർന്നത്. ട്രക്കുകൾ റോ–റോ വഴി കടത്തിയാൽ ലാഭകരമായി സർവീസ് നടത്താൻ സാധിക്കും എന്നാണു റെയിൽവേയുടെ വിലയിരുത്തൽ. റോ–റോ സർവീസ് എറണാകുളം വരെ നീട്ടുന്ന കാര്യമാണ് റെയിൽവേയുടെ പരിഗണനയിലുള്ളത്. വെസ്റ്റ് ഹില്ലിൽ സാധ്യത∙ കേരളത്തിൽ ചരക്കുലോറികൾ ട്രെയിനിൽ കയറ്റാനും ഇറക്കാനുമുള്ള സൗകര്യം കണ്ണൂർ സൗത്ത്, കോഴിക്കോട് വെസ്റ്റ്ഹിൽ, എറണാകുളം എന്നിവിടങ്ങളിൽ ഒരുക്കാനാണു സാധ്യത. ട്രക്കുകളുടെ ഉയരം പരിശോധിക്കാനുള്ള ഹൈറ്റ് ഗേജ്, ഭാരം പരിശോധിക്കാനുള്ള സ്റ്റാറ്റിക് വേ ബ്രിജ്, ലോറികൾ ട്രെയിനിൽ കയറ്റാനും ഇറക്കാനുമുള്ള റാംപ് എന്നിവ വേണം.