25 April 2024 Thursday

എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഒളിവിലെന്ന് സൂചന: മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു

ckmnews

എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഒളിവിലെന്ന് സൂചന: മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു


തിരുവനന്തപുരം:അധ്യാപികയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്ന കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ശനിയാഴ്ച വാദം കേൾക്കും. ജില്ലാ കോടതിയിലാണ് മുൻകൂർ ജാമ്യത്തിന് അപേക്ഷ ഫയൽ ചെയ്തത്. ഹർജി അഡി.സെഷൻസ് കോടതിക്ക് വാദം കേൾക്കാൻ കൈമാറി. തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട നിവാസിയായ അധ്യാപികയാണ് കോവളം പൊലീസിനു പരാതി നൽകിയത്. തുടർന്ന് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. എംഎൽഎ ഒളിവിലാണെന്നാണ് സൂചന.


സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന പിആർ ജോലി നോക്കുന്ന ഉദ്യോഗസ്ഥയായാണ് യുവതി തന്നെ പരിചയപ്പെട്ടതെന്നു മുൻകൂർ ജാമ്യാപേക്ഷയിൽ എൽദോസ് കുന്നപ്പിള്ളി പറയുന്നു. പിന്നീട് പരസ്പരം സൗഹൃദത്തിലായി. വീട്ടിലും ഓഫിസിലും കണ്ടുമുട്ടാറുണ്ടായിരുന്നു. ഒരു ദിവസം ഓഫിസിൽ എത്തിയ യുവതി മൊബൈൽ ഫോൺ മോഷ്ടിച്ചു. ഇതിനുശേഷം പണം ആവശ്യപ്പെട്ടു. നിരസിച്ചപ്പോൾ പീഡന പരാതിയുമായി പൊലീസിനെ സമീപിക്കുകയാണ് ചെയ്തതെന്നും മുൻ‌കൂർ ജാമ്യാപേക്ഷയിൽ പറയുന്നു.



എൽദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി കഴിഞ്ഞ മാസം 28നാണ് യുവതി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. കമ്മിഷണർ കോവളം സിഐയ്ക്കു പരാതി കൈമാറി. ഇതിനിടെ യുവതിയെ കാണാനില്ലെന്നു കാട്ടി സുഹൃത്ത് വഞ്ചിയൂർ സ്റ്റേഷനിലും പരാതി നൽകിയിരുന്നു. പിന്നീട് യുവതി വഞ്ചിയൂർ സ്റ്റേഷനിൽ ഹാജരായി മാനസിക സമ്മർദത്തെ തുടർന്നാണ് നാടുവിട്ടതെന്ന് അറിയിച്ചു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ മജിസ്ട്രേറ്റ് കേസിന്റെ പുരോഗതി സംബന്ധിച്ച വിവരങ്ങൾ കോവളം പൊലീസിനോട് ആരാഞ്ഞു. ഇന്നലെ യുവതിയുടെ മൊഴി രേഖപ്പെടുത്താൻ വിളിച്ചുവരുത്തിയെങ്കിലും പൂർണമായി മൊഴിയെടുക്കാനായില്ല. ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് യുവതി ആശുപത്രിയിലായി.


കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറി. ക്രൈംബ്രാഞ്ച് ഇന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തി. കോടതിയിൽ നൽകിയ മൊഴിയുടെ പകർപ്പ് ലഭിച്ചശേഷം കൂടുതൽ വകുപ്പുകൾ ചേർക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. തന്നെ ശാരീരികമായി പീഡിപ്പിച്ചെന്നു യുവതി കോടതിയിൽ മൊഴി നൽകിയെന്നാണ് ലഭിക്കുന്ന വിവരം. രഹസ്യമൊഴി രേഖപ്പെടുത്തുന്നതിന് അപേക്ഷ നൽകുന്ന കാര്യത്തിൽ പീന്നീട് തീരുമാനമെടുക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.