19 April 2024 Friday

ജിമെയിൽ പണിമുടക്കി, ലോഗിൻ ചെയ്യാനാകുന്നില്ല, ഫയലുകൾ അറ്റാച്ചുചെയ്യാനും പ്രശ്നം

ckmnews


ഇന്ത്യ ഉൾപ്പടെയുള്ള നിരവധി രാജ്യങ്ങളിൽ മണിക്കൂറുകളായി ജിമെയിൽ സേവനം പണിമുടക്കിയിരിക്കുകയാണ്. ഉപയോക്താക്കൾക്ക് ലോഗിൻ ചെയ്യാനോ മെയിലുകൾ അയയ്ക്കാനോ ഫയലുകൾ അറ്റാച്ചുചെയ്യാനോ കഴിയുന്നില്ല. മെയിലുകൾ അയയ്ക്കാനോ അറ്റാച്ചുമെന്റുകൾ അപ്‌ലോഡ് ചെയ്യാനോ കഴിയില്ലെന്ന് നിരവധി ഉപയോക്താക്കൾ ട്വിറ്ററിലൂടെ അറിയിക്കുന്നുണ്ട്.


ഇന്ത്യയിലെ ജിമെയിലുമായി ബന്ധപ്പെട്ട പ്രശ്‌നം ഡൗൺ‌ഡെറ്റെക്ടർ.കോം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 59 ശതമാനം പേർക്ക് ഫയലുകൾ അറ്റാച്ചുചെയ്യാൻ കഴിയുന്നില്ലെന്നും 28 ശതമാനം പേർക്ക് ലോഗിൻ ചെയ്യാൻ കഴിയുന്നില്ലെന്നും 12 ശതമാനം പേർക്ക് സന്ദേശങ്ങൾ സ്വീകരിക്കാൻ കഴിയുന്നില്ലെന്നുമാണ് ടെക് വിദഗ്ധർ കണ്ടെത്തിയിരിക്കുന്നത്.


ഒരു ഡ്രാഫ്റ്റ് സൂക്ഷിക്കാനോ മെയിൽ അയയ്ക്കാനോ കഴിയുന്നില്ല എന്നാണ് മിക്കവരും പറയുന്നത്. അറ്റാച്ചുചെയ്ത് അയക്കുന്ന മെയിലുകൾ ഔട്ട്ബോക്സിൽ തന്നെ കിടക്കുകയാണ്. വ്യാഴാഴ്ച രാവിലെ 10 ഓടെയാണ് പ്രശ്നം ആരംഭിച്ചത്. എന്നാൽ, മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇത് സംബന്ധിച്ച് ജിമെയിൽ അധികൃതരോ ഗൂഗിൾ ഇന്ത്യയോ പ്രതികരിച്ചിട്ടില്ല.


gmail

ഇതിനിടെ രാവിലെ കുറച്ച് സമയത്തിനുശേഷം, ഉപയോക്താക്കൾക്ക് മെയിലുകൾ അയയ്ക്കാൻ സാധിച്ചുവെങ്കിലും ചില ഫീച്ചറുകൾ ഉപയോഗിക്കാൻ സാധിക്കാതെ വന്നു. ജൂലൈ ഒന്നിനും സമാനമായ പ്രശ്നങ്ങൾ നേരിട്ടിരുന്നു. അന്ന് മെയിലുകൾ തുറക്കാനോ അയയ്ക്കാനോ കഴിഞ്ഞിരുന്നില്ല.