24 April 2024 Wednesday

ഭക്തിസാന്ദ്രമായി ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ യെൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മ പെരുന്നാൾ

ckmnews

ഭക്തിസാന്ദ്രമായി ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ

പരിശുദ്ധ യെൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മ പെരുന്നാൾ


ചങ്ങരംകുളം: ചാലിശേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധനായ യെൽദോ മോർ ബസേലിയോസ് ബാവയുടെ 337 ഓർമ്മപെരുന്നാൾ ഭക്തിസാന്ദ്രമായി.കോതമംഗലം 

മാർതോമ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യെൽദോ മോർ ബസേലിയോസ്  ബാവയുടെ ഓർമ്മപെരുന്നാളാണ്   ഇടവക ശനി , ഞായർ ദിവസങ്ങളിൽ  ആഘോഷിച്ചത്.പെരുന്നാൾ തലേന്ന് ശനിയാഴ്ച വൈകീട്ട് സന്ധ്യാ പ്രാർത്ഥന , പെരുന്നാൾ സന്ദേശം, നേർച്ച വിളമ്പൽ  എന്നിവ ഉണ്ടായി.പെരുന്നാൾ ദിവസം ഞായറാഴ്ച രാവിലെ   സുറിയാനി ചാപ്പലിൽ  മൈലാപ്പൂർ ഭദ്രാസനാധിപൻ ഐസക്ക്  മോർ ഒസ്താത്തിയോസ്  മെത്രാപ്പോലീത്ത വിശുദ്ധ കുർബ്ബാന അർപ്പിച്ചു. മദ്ധ്യസ്ഥ പ്രാർത്ഥന, ധൂപാ പ്രാർത്ഥന എന്നിവക്ക്  മെത്രാപ്പോലീത്ത മുഖ്യ കാർമ്മികനായി. വികാരി ഫാ.റെജി കൂഴിക്കാട്ടിൽ സഹകാർമ്മികനായി.മെത്രാപ്പോലീത്ത പെരുന്നാൾ സന്ദേശവും നൽകി. പരിശുദ്ധ യെൽദോ ബാവ കാട്ടിതന്ന സത്യവിശ്വാസം മുറുകെ പിടിക്കണമെന്നും പ്രതിസന്ധികളിൽ കരുത്താർജിക്കുന്നവരാകണമെന്നും തിരുമേനി പറഞ്ഞു.തുടർന്ന് നാടിന്റെ സർവ്വ ക്ഷേമ ഐശ്വര്യങ്ങൾക്കായി അങ്ങാടി ചുറ്റിയുള്ള പെരുന്നാൾ പ്രദക്ഷിണത്തിൽ പൊൻ - വെള്ളി കുരിശുകൾ,മുത്തുക്കുടകളേന്തി ,ബാവയോടുള്ള പ്രാർത്ഥനകൾ ചൊല്ലി നിരവധി വിശ്വാസികൾ പ്രദക്ഷിണത്തിൽ പങ്കെടുത്തു.അംശവസ്ത്രം അണിഞ്ഞ വൈദീകർ വിശ്വാസികളെ ആശീർവദിച്ചു കുരിശ് തൊട്ടികളിൽ ധൂപ പ്രാർത്ഥനയും നടത്തി.പള്ളിയിലെത്തിയപ്പോൾ ആശീർവാദവും ഉണ്ടായി.ഇടവകയിൽ നിന്ന് എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ  ഡോക്ടർമാരായ ജസ്റ്റിൻ ജെറി ജോസ് , ആഷേൽ മരിയ സാജ് ,  ലോക കേരള സഭ ആഗോള പ്രവാസി വിദ്യാർത്ഥി സാഹിത്യ കവിത രചനയിൽ മൂന്നാം സ്ഥാനം നേടിയ ലിദിയ അരിമ്പൂർ  തോംസൺ , എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും മെമ്മന്റോ  നൽകി മെത്രാപ്പോലീത്ത അഭിനന്ദിച്ചു.തുടർന്ന് വർഷത്തിലൊരിക്കൽ മാത്രം പുറത്തെടുക്കുന്ന പരിശുദ്ധ യെൽദോ ബാവയുടെ തിരുശേഷിപ്പ് പ്രത്യേക പ്രാർത്ഥനക്കു ശേഷം വിശ്വാസികൾ വണങ്ങി. തിരുശേഷിപ്പ് വണക്കത്തിന് വൻ തിരക്കായിരുന്നു.നേർച്ചസദ്യയോടു കൂടി  പെരുന്നാൾ സമാപിച്ചു.പെരുന്നാൾ ആഘോഷങ്ങൾക്ക്  വികാരി ഫാ.റെജി കൂഴിക്കാട്ടിൽ , ട്രസ്റ്റി സി.യു.ശലമോൻ , സെക്രട്ടറി പി.സി. താരുകുട്ടി എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മറ്റി നേതൃത്വം നൽകി.