24 April 2024 Wednesday

തകർന്നടിഞ്ഞ് രൂപ; ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍

ckmnews

തകർന്നടിഞ്ഞ് രൂപ; ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍


ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. കഴിഞ്ഞ ദിവസത്തെക്കാൾ 16 പൈസ കുറഞ്ഞ്, ഡോളറിന് 77.60 രൂപ എന്ന നിരക്കിലാണ് ഇന്നലെ വ്യാപാരം അവസാനിച്ചത്. വിദേശനിക്ഷേപകർ വൻ തോതിൽ പണം പിൻവലിക്കുന്നതും രാജ്യാന്തര വിപണിയിൽ ഡോളർ ശക്തമാകുന്നതുമാണ് രൂപയ്ക്കു തിരിച്ചടിയാകുന്നത്. തുടർച്ചയായ മൂന്നാമത്തെ ദിവസമാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിലെത്തുന്നത്.

രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതി സാധനങ്ങളുടെ വില ഉയർത്തും. വിദേശയാത്രച്ചെലവും ഉയരും. എണ്ണവില രാജ്യാന്തര വിപണിയിൽ ഉയരുന്നതും ഇന്ത്യൻ കറൻസിക്കു തിരിച്ചടിയാണ്. ഇന്നലെ ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ വില 1.7% ഉയർന്ന് ബാരലിന് (159 ലീറ്റർ) 114 ഡോളറിനടുത്തെത്തി.ആഭ്യന്തര സൂചികകള്‍ തിരിച്ചടി നേരിട്ടതാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്. കുതിക്കുന്ന പണപ്പെരുപ്പവും അതിനെ ചെറുക്കാന്‍ കര്‍ശന വായ്പാ നയം സ്വീകരിക്കേണ്ടിവരുന്നതും രാജ്യത്തെ വളര്‍ച്ചയെ ബാധിച്ചേക്കുമെന്ന ഭീതിയാണ് മൂല്യമിടിവിനുപിന്നില്‍.


യുഎസ് ട്രഷറിയുടെ ആദായം ഉയരുന്നതും ഡോളര്‍ കരുത്താര്‍ജിക്കുന്നതുമാണ് രൂപയ്ക്ക് ഭീഷണിയായി മാറുന്നത്.  ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചയുടനെ രൂപയുടെ മൂല്യം ഡോളറിനെതിരെ 77.74 നിലവാരത്തിലെത്തുകയും ചെയ്തു.