20 April 2024 Saturday

സ്പീഡ് ഗവർണർ ഇല്ല, അനധികൃത ലൈറ്റ്; അപകടകരമായി സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ കേസ്

ckmnews

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കോൺട്രാക്ട് ക്യാരിയേജ് വാഹനങ്ങളിൽ കർശന പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്. മനുഷ്യജീവന് അപകടകരമായ രീതിയിൽ സർവീസ് നടത്തുന്നു എന്ന പരാതികളുടെയും കഴിഞ്ഞദിവസം പാലക്കാട് ഉണ്ടായ ദാരുണമായ അപകടത്തിന്റെയും പശ്ചാത്തലത്തിലാണ് ജില്ലയിലെ മോട്ടോർ വാഹന വകുപ്പ് കോഴിക്കോട് എൻഫോഴ്സ്മെന്റ് ആർടിഒയുടെ നേതൃത്വത്തിൽ വാഹനങ്ങളില്‍ കർശന പരിശോധന നടത്തുകയും പതിനെട്ടോളം വാഹനങ്ങൾക്കെതിരെ കേസെടുക്കുകയും ചെയതത്. 


കർശന പരിശോധനയുടെ അടിസ്ഥാനത്തിൽ സ്പീഡ് ഗവർണർ അഴിച്ചിട്ടിരിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കുന്നതിനും ശുപാർശ ചെയ്തിട്ടുണ്ട്. മാത്രമല്ല പല വാഹനങ്ങളിലും അനധികൃത ലൈറ്റ്, അധിക ലൈറ്റ്, ആരോചക ശബ്ദം പുറപ്പെടുവിക്കുന്ന മ്യൂസിക് സിസ്റ്റം, കേൾവി ശക്തിയെ ബാധിക്കുന്ന നിരോധിത എയർഹോണുകൾ എന്നിവ പിടിപ്പിച്ചിരിക്കുന്നതായി കണ്ടെത്തുകയും  വാഹനങ്ങൾക്കെതിരെ കേസെടുക്കുകയും കരിമ്പട്ടികയില്‍ പെടുത്തുകയും ചെയതു.