19 April 2024 Friday

ഗോളടിപ്പിക്കാതിരിക്കുക, ഗോളടിക്കുക, മനസുതുറന്ന് ബ്ലാസ്റ്റേഴ്സിൻറെ കട്ട ഡിഫൻഡർ ബിജോയ് വർഗീസ്

ckmnews

കൊച്ചി: ഐഎസ്എല്ലില്‍ ആരാധകർക്ക് മുന്നിൽ ആദ്യമായി കളിക്കാൻ ഇറങ്ങുന്നതിന്‍റെ ആവേശത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ മലയാളി താരം ബിജോയ് വർഗീസ്. പ്രതിരോധ താരമായതിനാൽ എതിരാളികളെ ഗോളടിപ്പിക്കാതിരിക്കുക എന്നതിനൊപ്പം പറ്റിയാൽ ഗോളടിക്കുക കൂടിയാണ് ഇത്തവണത്തെ ലക്ഷ്യമെന്ന് ബിജോയ്. നാളെയാണ് ഐസ്എല്‍ ഒന്‍പതാം സീസണ്‍ ആരംഭിക്കുന്നത്. 


കഴിഞ്ഞ സീസണിലാണ് ബിജോയ് വർഗീസ് കേരള ബ്ലാസ്റ്റേഴ്സിലെത്തിയത്. തിരുവനന്തപുരം പുല്ലുവിളയിലെ തീരദേശത്ത് സാധാരണക്കാർക്കൊപ്പം പന്തുതട്ടി വളർന്ന ബിജോയ്ക്ക് ബ്ലാസ്റ്റേഴ്സും മഞ്ഞപ്പടയും എന്നും ആവേശമായിരുന്നു. ആ മഞ്ഞപ്പടയ്ക്ക് മുന്നിൽ കഴിക്കാൻ ഇറങ്ങുന്നതിന്‍റെ ത്രില്ലിലാണ് ബിജോയ്. കഴിഞ്ഞ തവണത്തെ കിരീട നഷ്ടത്തിലെ സങ്കടം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തവണ കീരീടത്തിൽ കുറഞ്ഞതൊന്നും പോരെന്ന് ബിജോയ് പറയുന്നു. ഉദ്ഘാടന മത്സരത്തിൽ തന്നെ ആരാധകർക്ക് മുന്നിൽ കളിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജോയ്.


വെള്ളിയാഴ്ച കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ ഉദ്ഘാടന മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ എഫ്‌സിയെ ബ്ലാസ്റ്റേഴ്‌സ് നേരിടും. പുതിയ സീസണിലേക്കുള്ള ടീമിനെ കെബിഎഫ്‌സി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 

ജെസെല്‍ കര്‍ണെയ്‌റോ ആണ് ക്യാപ്റ്റന്‍.  27 അംഗ ടീമില്‍ ഏഴ്  പേരാണ് മലയാളി താരങ്ങളായി ഉള്ളത്. രാഹുല്‍ കെ പി, സഹല്‍ അബ്ദുള്‍ സമദ്, ശ്രീക്കുട്ടന്‍, സച്ചിന്‍ സുരേഷ്, നിഹാല്‍ സുധീഷ്, ബിജോയ് വര്‍ഗീസ്, വിബിന്‍ മോഹനന്‍ എന്നിവരാണ് ടീമിലെ മലയാളി താരങ്ങള്‍.