24 April 2024 Wednesday

കോഴിക്കോട് കൊയിലാണ്ടിയില്‍ മദ്യപാനത്തിനിടെ ബെല്‍റ്റ് മുറുക്കി കൊലപ്പെടുത്തി ; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ പിടിച്ച് പൊലീസ്

ckmnews

കൊയിലാണ്ടി:  മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കഴുത്തിന് ബെല്‍റ്റ് മുറുക്കി കൊലപ്പെട്ടുത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കോഴിക്കോട്, കോയിലാണ്ടി ഹാര്‍ബറിന് സമീപത്ത് മായന്‍ കടപ്പുറത്ത് ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. അസം സ്വദേശിയായ ഡുലു രാജ് ബംഗോഷ് (28) ആണ് കൊല്ലപ്പെട്ടത്. കൊല നടത്തിയ ആസാം സ്വദേശികളും ഡുലു രാജിന്‍റെ സുഹൃത്തുക്കളുമായ മനരഞ്ഞൻ (22), ലക്ഷി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ സംഭവത്തിലെ പ്രതികളെ മുഴുവന്‍ പിടികൂടാന്‍ കഴിഞ്ഞ ആശ്വാസത്തിലാണ് പൊലീസ്. 


ഇന്നലെ വൈകീട്ട് മൂന്ന് പേരും ചേര്‍ന്ന് മായൻ കടപ്പുറത്ത് വച്ച് മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കടപ്പുറത്ത് പാറക്കെട്ടിന് സമീപം ഇന്നലെ വൈകീട്ടോടെ മൂവരും ചേര്‍ന്ന് മദ്യപിച്ച് ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാരെത്തി പരിശോധിച്ചപ്പോള്‍ ഒരാള്‍ കമഴ്ന്ന് കിടക്കുന്നതാണ് കണ്ടത്. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയും പൊലീസെത്തി പരിശോധിച്ചപ്പോള്‍ ഇയാളുടെ കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയതായും കണ്ടെത്തി. തുടര്‍ന്ന് ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അസം സ്വദേശിയായ ഡുലു രാജ് ബംഗോഷ് എന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് കൊല്ലപ്പെട്ടത്.