കോടിയേരിക്ക് കണ്ണൂരിന്‍റെ ലാല്‍സലാം, വീട്ടിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍

കണ്ണൂര്‍: മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് അന്ത്യാഭിവാദ്യം അര്‍പ്പിച്ച് ആയിരങ്ങള്‍. കോടിയേരിയെ അവസാനമായി ഒരു നോക്ക് കാണാന്‍ കണ്ണൂരിലെ വീട്ടിലേക്ക് എത്തിയത് ആയിരങ്ങളാണ്. പിന്നാലെ പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ മൃതദേഹം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ചു. രണ്ട് മണിവരെ ജില്ലാകമ്മിറ്റി ഓഫീസായ അഴീക്കോടന്‍ സ്‍മാരകത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. ഗവര്‍ണര്‍ ജില്ലാ കമ്മിറ്റി ഓഫീസിലെത്തി അന്ത്യാജ്ഞലി അര്‍പ്പിച്ചു.
കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്കുള്ള വിലാപയാത്രക്കിടെ ആളുകൾക്ക് അന്തിമോപചാരം അർപ്പിക്കാന്‍ സൌകര്യമൊരുക്കിയിരുന്നു. മീത്തലെ പീടിക, മുഴപ്പിലങ്ങാട്, എടക്കാട്, ചാല,താഴെ ചൊവ്വ, മേലേ ചൊവ്വ എന്നിവിടങ്ങളിലാണ് ആളുകൾക്ക് അന്തിമോപചാരം അർപ്പിക്കാനുള്ള സൌകര്യമൊരുക്കിയത്. പൂര്‍ണ്ണ ബഹുമതികളോടെ ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് പയ്യാമ്പലം കടപ്പുറത്ത് സംസ്‍ക്കാരം നടക്കും. കാൽനടയായാണ് കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും പയ്യാമ്പലത്തേക്ക് ഭൌതിക ശരീരം കൊണ്ടുപോകുക. നയനാരുടെയും ചടയന്‍ ഗോവിന്ദന്‍റെയും കുടീരങ്ങള്‍ക്ക് നടുവിലാണ് അന്ത്യനിദ്ര ഒരുക്കിയിരിക്കുന്നത്.