28 March 2024 Thursday

ഒരു ചോദ്യത്തിൽ നിന്ന് ഉണ്ടായ ‘ഇനി ഉത്തരം’; ത്രില്ലടിപ്പിക്കാൻ രഞ്ജിത്തും ഉണ്ണിയും

ckmnews

ഒരു ചോദ്യത്തിൽ നിന്ന് ഉണ്ടായ ‘ഇനി ഉത്തരം’; ത്രില്ലടിപ്പിക്കാൻ രഞ്ജിത്തും ഉണ്ണിയും


അപര്‍ണ്ണ ബാലമുരളിയെ പ്രധാന കഥാപാത്രമാക്കി സുധീഷ് രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഇനി ഉത്തരം എന്ന സിനിമയിലൂടെ ഇരട്ട തിരക്കഥാകൃത്തുകളായി അരങ്ങേറ്റം കുറിക്കുകയാണ് രഞ്ജിത്തും ഉണ്ണിയും. ആദ്യ സിനിമ തന്നെ ത്രില്ലര്‍ ചിത്രമായതിലുള്ള ത്രില്ലിലാണ് ഇരുവരും.ഒക്ടോബർ ഏഴിന് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിലൂടെ മലയാള സിനിമക്ക് രണ്ട് പുതിയ തിരക്കഥാകൃത്തുക്കളെ ലഭിക്കുകയാണ്. ഇനി ഉത്തര’ത്തിന്റെ വിശേഷങ്ങളും സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകളെക്കുറിച്ചും ട്വന്റി ഫോറിനോട് പങ്കുവയ്ക്കുകയാണ് രഞ്ജിത്തും ഉണ്ണിയും.



‘ഇനി ഉത്തര’ത്തിന്റെ ആശയത്തിലേക്ക് എത്തുന്നത് എങ്ങനെയാണ്?


സിനിമയെക്കുറിച്ചുള്ള ചർച്ചകൾ എല്ലാദിവസവും ഉണ്ടാകാറുണ്ട്. അങ്ങെനെയിരിക്കെ അനിയൻ പറഞ്ഞൊരു ചോദ്യത്തിൽ നിന്നാണ് ഇനി ഉത്തരത്തിന്റെ ആശയം വന്നത്. അതൊരു ചെറിയ ചോദ്യമായിരുന്നുവെങ്കിലും ആ ചോദ്യത്തിൽ നിന്ന് വലിയയൊരു കഥ ഉണ്ടാവുകയായിരുന്നു. അതിപ്പോൾ സിനിമയായിട്ട് മാറിക്കഴിഞ്ഞു.


ഒരുപാട് ചോദ്യങ്ങൾ ചോദിക്കുന്ന സിനിമയാണോ ‘ഇനി ഉത്തരം’?


ഒരു പെൺകുട്ടിയുടെ വ്യക്തിപരമായ ജീവിതത്തിലേക്കുള്ള കടന്നുകയറ്റത്തെ ചോദ്യം ചെയ്യുന്നതാണ് സിനിമ. പെൺകുട്ടികളുടെ ധൈര്യത്തെക്കുറിച്ചും ചിത്രം സംസാരിക്കുന്നുണ്ട്. തീർച്ചയായും ഈ സിനിമ കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകന്റെ മനസിൽ ഒരുപാട് ചോദ്യങ്ങളുണ്ടാകും. നമ്മുടെ നാടുമായി ബന്ധപ്പെട്ടു നിൽക്കുന്ന വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത്.


ആദ്യ ചിത്രം ഒരു ത്രില്ലർ സിനിമ ആകാൻ കാരണം?


ആദ്യത്തേത് ത്രില്ലർ ചിത്രം ആകണമെന്ന് ഉറപ്പിച്ചുവച്ചിരുന്നില്ല. ഞങ്ങൾ രണ്ടുപേരും ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്ന ആളുകളാണ്. ഒരു ത്രില്ലർ സിനിമ കാണുന്ന പ്രേക്ഷകൻ ഇരിക്കുന്നത് കൗതുകത്തോടെയാണ്. ഓരോ ഘട്ടം കഴിയുമ്പോഴും അതിന്റെ ഓരോ കാര്യങ്ങളും സൂക്ഷ്മമായിട്ട് വീക്ഷിച്ചുകൊണ്ടിരിക്കും.

പ്രേക്ഷകർക്കിടയിൽ ത്രില്ലർ സിനിമകൾക്ക് എപ്പോഴും സ്വീകാര്യതയുണ്ട്. അത് തന്നെയാണ് ത്രില്ലർ എഴുതാൻ കാരണം.


അപർണാ ബാലമുരളിക്ക് ഏറെ പ്രകടന സാധ്യതകൾ ഉള്ള കഥാപാത്രമാണോ ചിത്രത്തിലേത്?


തീർച്ചയായും. അപർണ ബാലമുരളിക്ക് ഏറെ അഭിനയ സാധ്യതയുള്ള കഥാപാത്രമാണ് ‘ഇനി ഉത്തര’ത്തിലെത്. ചിത്രത്തിന്റെ എഴുത്ത് നടക്കുന്ന സമയത്ത് അപർണ ബലമുരളിയെ കാസ്റ്റ് ചെയ്യണെമെന്നുള്ള തോന്നൽ ഉണ്ടായിരുന്നില്ല. മാത്രമല്ല എഴുതുമ്പോൾ മറ്റ് അഭിനേതാക്കളെയും മുന്നിൽക്കണ്ടിരുന്നില്ല. എഴുത്ത് അവസാനിച്ചിട്ടുള്ള വായനയിലാണ് അപർണയെ നായികയാക്കാമെന്നുള്ള തീരുമാനത്തിൽ എത്തിയത്. ലോക് ഡൗൺ സമയത്താണ് അപർണ്ണയോട് കഥ പറയുന്നത്.


‘ഇനി ഉത്തരം’ എങ്ങനെയൊക്കെയാണ് പ്രേക്ഷകർക്ക് മികച്ച സിനിമാ അനുഭവം ആകുന്നത്?


ചിത്രം തീർച്ചയായും പ്രേക്ഷകന് ഒരു മികച്ച സിനിമാ അനുഭവം തന്നെയാകും സമ്മാനിക്കുക. നല്ല കഴിവുള്ള ടെക്നീഷ്യന്മാരും അഭിനേതാക്കളും ഈ സിനിമയിലുണ്ട്. അതുകൊണ്ടുതന്നെ ‘ഇനി ഉത്തരം’ മികച്ച തീയറ്റർ എക്സ്പീരിയൻസ് നൽകുമെന്ന കാര്യത്തിൽ സംശയമില്ല. ഓരോ നിമിഷവും ത്രിൽ അടിപ്പിക്കുന്ന നിരവധി സന്ദർഭങ്ങൾ ഈ സിനിമയിലുണ്ട്.


ത്രില്ലർ സിനിമ എഴുതുക എന്നത് വളരെ വെല്ലുവിളി നിറഞ്ഞതാണ്. എന്തൊക്കെയായിരുന്നു വെല്ലുവിളികൾ?


ഏറ്റവും കൂടുതൽ പ്രേക്ഷകർ ഉള്ളത് ത്രില്ലർ സിനിമകൾക്കാണ്. ത്രില്ലർ ചിത്രം കാണുന്ന പ്രേക്ഷകൻ ഓരോ നിമിഷവും വളരെ ക്യൂരിയസായിട്ട് നിരീക്ഷിക്കുന്നത്. ത്രില്ലർ കഥകൾ എഴുതുമ്പോൾ സ്വാഭാവികമായും എഴുതുന്ന ആളിനെയും അത് ത്രില്ലടിപ്പിക്കുന്നു. ഒരു ഫീൽ ഗുഡ് ചിത്രം കാണുന്ന പ്രേക്ഷകന്റെ മനസല്ല, ഒരു ത്രില്ലർ ചിത്രം കാണുന്നയാൾക്കുള്ളത്. അതുകൊണ്ട് തന്നെ അതിന്റെ പിഴവുകൾ എല്ലാം തീർത്ത് എഴുതുക വളരെ വെല്ലുവിളി നിറഞ്ഞ ഒരു കാര്യമാണ്. ത്രില്ലർ സിനിമകൾ ചെയ്യുമ്പോൾ വളരെ സൂക്ഷമത കാണിക്കേണ്ടി വരുന്നു.