29 March 2024 Friday

യുപിയിൽ ട്രാക്ടർ കുളത്തിലേക്ക് മറിഞ്ഞ് 26 തീർഥാടകർ മരിച്ചു; 20 പേർക്ക് പരുക്ക്

ckmnews

യുപിയിൽ ട്രാക്ടർ കുളത്തിലേക്ക് മറിഞ്ഞ് 26 തീർഥാടകർ മരിച്ചു; 20 പേർക്ക് പരുക്ക്


കാൻപുർ∙ഉത്തർപ്രദേശിലെ കാൻപുരിൽ ഇന്നലെ രാത്രിയുണ്ടായ രണ്ട് അപകടങ്ങളിലായി 31 പേർ മരിക്കുകയും 27 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഘതംപുരിനടുത്ത് അൻപതോളം തീർഥാടകരുമായി പോവുകയായിരുന്ന ട്രാക്ടർ ട്രോളി കുളത്തിലേക്ക് മറിഞ്ഞാണ് ആദ്യ അപകടം.

അപകടത്തിൽ 26 തീർഥാടകർ മരിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഗുരുതരമായി പരുക്കേറ്റ 20 പേരെ  ആശുപത്രിയിലേക്ക് മാറ്റി. ഉന്നാവിലെ ചന്ദ്രികാ ദേവി ക്ഷേത്രത്തിൽനിന്നു മടങ്ങുകയായിരുന്ന ട്രാക്ടർ ആണ് അപകടത്തിൽപെട്ടത്.



26 തീർഥാടകരുടെ മരണത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി 2 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരുക്കേറ്റവർക്ക് 50,000 രൂപ വീതം ധനസഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചു.


ട്രാക്ടർ അപകടത്തിനു മണിക്കൂറുകൾക്കുശേഷം, അഹിർവാൻ മേൽപ്പാലത്തിന് സമീപം അമിതവേഗതയിൽ വന്ന ലോറി ടെമ്പോയിൽ ഇടിച്ച് അഞ്ച് പേർ മരിക്കുകയും ഏഴ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.