28 March 2024 Thursday

അഷറഫ്ക്ക ഇനി വരില്ല:തെരുവോരത്തെ കുഞ്ഞുങ്ങൾക്ക്‌ നഷ്ടപ്പെട്ടത് ഒരു രക്ഷിതാവിനെ... അഷറഫ് പന്താവൂരിന്റെ അപ്രതീക്ഷിത വേർപാട് വിശ്വസിക്കാനാവാതെ നാട്

ckmnews

അഷറഫ്ക്ക ഇനി വരില്ല:തെരുവോരത്തെ കുഞ്ഞുങ്ങൾക്ക്‌ നഷ്ടപ്പെട്ടത് ഒരു രക്ഷിതാവിനെ...


അഷറഫ് പന്താവൂരിന്റെ അപ്രതീക്ഷിത വേർപാട് വിശ്വസിക്കാനാവാതെ നാട് 


ചങ്ങരംകുളം:നിർദ്ധനരുടെയും നിരാശ്രയരുടെയും കണ്ണീരിനൊപ്പമായിരുന്നു ഇന്നലെ അന്തരിച്ച‌ പത്രപ്രവർത്തകനും മികച്ച പ്രസ്‌ ഫോട്ടോഗ്രാഫറുമായിരുന്ന അഷ്‌റഫ്‌ പന്താവൂർ.തെരുവുകളിൽ കുടിൽ കെട്ടി താസിക്കുന്ന അയൽ സംസ്ഥാനക്കാരും നിർദ്ധനരുമായ ആളുകളുടെ ആഹാരം വിദ്യാഭ്യാസം ജീവിതം എന്നീ കാര്യങ്ങളിൽ അദ്ദേഹം എപ്പോഴും ശ്രദ്ധിക്കുമായിരുന്നു.കേരളത്തിൽ ഉടനീളം യാത്ര ചെയ്യുമ്പോൾ അത്തരക്കാരുടെ താമസ സ്ഥലങ്ങളും കോളനികളും കണ്ടെത്തി അവരുടെ പ്രശ്നങ്ങൾ പ്രത്യേകം വാർത്തയാക്കാനും ഇദ്ദേഹം ശ്രമിച്ചു. നല്ല ഒരു മൃഗസ്നേഹിയും പക്ഷിസ്നേഹിയും കൂടിയായിരുന്നു അദ്ദേഹം. തെരുവിൽ അലഞ്ഞു നടക്കുന്ന പട്ടികൾക്ക്‌ ആഹാരം കൊടുത്തു സംരക്ഷിക്കുന്നവരുടെ കൂടെ അദ്ദേഹമുണ്ടായിരുന്നു.ചങ്ങരംകുളം ഹൈവെയിൽ മരം മുറിച്ചപ്പോൾ കൊല്ലപ്പെട്ട ദേശാടന പക്ഷികൾക്ക്‌ വേണ്ടിയുള്ള സമര മുഖത്തും അഷ്‌റഫ്‌ മുന്നിൽ ഉണ്ടായിരുന്നു.


ചിയ്യാനൂർ താടിപ്പടിയിലെ പാതയോരത്ത്‌ കുടിൽ കെട്ടി താമസിക്കുന്ന നാടോടികളുടെ കാര്യത്തിൽ അവർക്ക് വേണ്ടി അഷ്റഫ്‌ സ്ഥിരമായി ഇടപെടുകയും അവരുടെ അടുക്കൽ ചെന്നു അവരുടെ പ്രശ്നങ്ങൾ ശ്രദ്ധയോടെ കേൾക്കുകയും അവർക്ക് വേണ്ട ഭക്ഷണവും കുട്ടികൾക്ക് പഠന സൗകര്യങ്ങളും ഏർപ്പെടുത്തുന്നതിലും അഷറഫ്ക്ക മുന്നിലുണ്ടായിരുന്നു.ബാഹ്യസ്വാധീനത്തിൽ അവർക്കിടയിൽ വ്യാപിച്ച മദ്യപാനം, മറ്റു ലഹരികൾ, അടിപിടി മുതലായവ അധികാരികളൂടെ ശ്രദ്ധയിൽപെടുത്തുക എന്ന സദുദ്ദേശത്തോടെ ചിലത്‌ വാർത്തയാക്കാനും അദ്ധേഹം ശ്രമിച്ചു.അതിനു പല കോണുകളിൽ നിന്നും ഗുണകരമായ പ്രതികരണവും ഉണ്ടാവാറുണ്ട് .അവിടത്തെ കുഞ്ഞുങ്ങൾക്ക്‌ എപ്പോൾ കണ്ടാലും അവിടത്തന്നെയുള്ള മിൽമയിൽ നിന്ന് വയറ് നിറയെ ഭക്ഷണം വാങ്ങി കൊടുക്കും. പഠിക്കാൻ പുത്കങ്ങൾ, സ്കൂൾ ബാഗ്‌, ചെരുപ്പ് തുടങ്ങിയവയും അദേഹം എത്തിക്കും.അഷ്‌ റഫിന്റെ വിയോഗത്തോടെ അവർക്കൊരു നല്ല രക്ഷിതാവിനെയാണു നഷ്ടപ്പെട്ടത്‌.അഷറഫ്ക്ക എന്ന ആ നല്ല മനുഷ്യൻ ഇനി തങ്ങളെ കാണാനെത്തില്ല എന്ന സത്യം അവരിനിയും തിരിച്ചറിഞ്ഞിട്ടില്ല