29 March 2024 Friday

10 ലക്ഷം രൂപ വില വരുന്ന ടീഷർട്ട് മുതൽ രാം മന്ദിർ മോഡൽ വരെ; പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങളുടെ ലേലം ഇനി 3 ദിവസങ്ങൾ കൂടി

ckmnews

1200 ലധികം സമ്മാനങ്ങളും മൊമന്റോകളും. 10 ലക്ഷം രൂപ വില വരുന്ന ടീഷർട്ട് മുതൽ രാം മന്ദിർ മോഡൽ വരെ… പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാനങ്ങൾ ലേലത്തിൽ വച്ച് പണം സമാഹരിക്കുകയാണ് കേന്ദ്ര സർക്കാർ. ലേലം ഇനി 3 ദിവസങ്ങൾ കൂടിയാണ് ഉള്ളത്. ഒക്ടോബർ 2 വരെയാണ് ലേലം ഒരുക്കിയിരിക്കുന്നത്. ശിൽപം, കരകൗശല വസ്തുക്കൾ, പെയിന്റിംഗ്, നാടൻ കലാ നിർമ്മിതികൾ തുടങ്ങി നിരവധി സാധനങ്ങളാണ് ലേലത്തിന് ഉള്ളത്. കൂടാതെ പരമ്പരാഗത അംഗവസ്ത്രങ്ങൾ, ഷാളുകൾ, ശിരോവസ്ത്രങ്ങൾ, ആചാരപരമായ വാളുകൾ എന്നിവ പോലെയുള്ള പരമ്പരാഗതമായി നൽകി വരുന്ന സമ്മാന ഇനങ്ങളും ലേലത്തിനുണ്ട്. അയോധ്യയിൽ നിർമ്മിക്കുന്ന രാമ ക്ഷേത്രത്തിന്റെയും വാരണാസിയിലെ കാശിവിശ്വനാഥ ക്ഷേത്രത്തിന്റെയും രൂപങ്ങളും ലേലത്തിൽ ഉണ്ട്.നൂറ് രൂപ മുതൽ 10 ലക്ഷം രൂപ വരെ വിലയുള്ള സമ്മാനങ്ങളാണ് ലേലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ടോക്കിയോ 2020 പാരാലിമ്പിക് ഗെയിംസ് ഗോൾഡ് മെഡൽ ജേതാവ് മനീഷ് നർവാൾ ഓട്ടോഗ്രാഫ് ചെയ്ത ടി-ഷർട്ടാണ് വിൽപ്പനയിലെ ഏറ്റവും വിലയേറിയ ഇനം. ഇതിന്റെ അടിസ്ഥാന വില 10,00,000 രൂപയാണ്. വെള്ള, നീല ജേഴ്സിയിൽ ഇന്ത്യൻ ദേശീയ പതാകയും പാരാലിമ്പിക് കമ്മിറ്റി ഓഫ് ഇന്ത്യയുടെ ലോഗോയും പതിപ്പിച്ചതാണ് ടി ഷേർട്ട്. മറ്റു വിലപ്പിടിപ്പുള്ള വസ്തുക്കൾ കോമൺവെൽത്ത് ഗെയിംസ് 2022 ന് റെസ്ലിംഗ് ടീം സമ്മാനിച്ച ഓട്ടോഗ്രാഫ് ചെയ്ത ടി-ഷർട്ട്, തോമസ് കപ്പ് ചാമ്പ്യൻഷിപ്പ് 2022 വിജയികൾ ഓട്ടോഗ്രാഫ് ചെയ്ത ബാഡ്മിന്റൺ ബാഗ്, തോമസ് കപ്പ് ചാമ്പ്യൻഷിപ്പ് 2022 സ്വർണ്ണ മെഡൽ ജേതാവ് കെ. ശ്രീകാന്തിന്റെ ഓട്ടോഗ്രാഫ് ചെയ്ത ബാഡ്മിന്റൺ റാക്കറ്റ് എന്നിവയാണ്.