29 March 2024 Friday

പിഎഫ്ഐ ഹർത്താൽ: ആഹ്വാനം ചെയ്തവർ 5.20 കോടി കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി, പണം കെട്ടിയില്ലെങ്കിൽ റവന്യൂ റിക്കവറി

ckmnews

കൊച്ചി: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെ ഉണ്ടായ നാശനഷ്ടങ്ങളിൽ കടുത്ത നടപടിയുമായി ഹൈക്കോടതി. ഹർത്താലിനിടെ ഉണ്ടായ നാശനഷ്ടങ്ങളുടെ പേരിൽ കെഎസ്ആർടിസി ആവശ്യപ്പെട്ട നഷ്ടപരിഹാരമായ 5 കോടി 20 ലക്ഷം രൂപ കോടതിയിൽ കെട്ടിവയ്ക്കാൻ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. എതിർകക്ഷികളായ പോപ്പുലർ ഫ്രണ്ടും പിഎഫ്ഐ സംസ്ഥാന സെക്രട്ടറി അബ്ദുൾ സത്താറുമാണ് ഈ തുക കെട്ടിവയ്ക്കേണ്ടത്. രണ്ടാഴ്ചയ്ക്കകം തുക കെട്ടിവയ്ക്കണമെന്നും ഡിവിഷൻ ബെ‍ഞ്ച് ഉത്തരവിട്ടു. തുക കെട്ടി വച്ചില്ലെങ്കിൽ റവന്യൂ റിക്കവറി ആക്ട് അനുസരിച്ചുള്ള തുടർനടപടികൾ സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. അർഹരായവർക്ക് പണം നൽകാൻ ക്ലെയിംസ് കമ്മീഷണറേയും ഹൈക്കോടതി നിശ്ചയിച്ചു.