20 April 2024 Saturday

യുവാവിന്റെ മരണം കൊലപാതകം: പ്രതി മഞ്ചേരി പോലിസിന്റെ പിടിയില്‍

ckmnews

യുവാവിന്റെ മരണം കൊലപാതകം: പ്രതി മഞ്ചേരി പോലിസിന്റെ പിടിയില്‍


മലപ്പുറം:കഴിഞ്ഞ ഞായറാഴ്ച രാവിലെ മഞ്ചേരി ഡോക്ടേഴ്‌സ് കോളനിയിലെ ഒഴിഞ്ഞ പറമ്പില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. മോങ്ങം ഒളമതില്‍ രണ്ടത്താണി സ്വദേശി അഹമ്മദ് കബീര്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പാണ്ടിക്കാട് ഹൈസ്‌കൂള്‍ പടി സ്വദേശി കണ്ണച്ചത്ത് ഷാജി (40)യെയാണ് മഞ്ചേരി സിഐ റിയാസ് ചാക്കീരിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച രാത്രി മഞ്ചേരിയിലെ ബാറില്‍ നിന്ന് ഇരുവരും മദ്യപിച്ചതിനുശേഷം വാക്ക് തര്‍ക്കം ഉണ്ടാവുകയും അമിതമായി മദ്യപിച്ചിരുന്ന അഹമ്മദ് കബീറിനെ ഒഴിഞ്ഞ പറമ്പില്‍ വച്ച് അടിച്ചു വീഴ്ത്തുകയും നിലത്ത് വീണ കബീറിനെ നിരവധി തവണ ചവിട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ബോധം നഷ്ടപ്പെട്ട അഹമ്മദ് കബീറിനെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് പ്രതി തന്റെ സ്‌കൂട്ടറില്‍ രക്ഷപ്പെടുകയാണ് ഉണ്ടായത്. ആന്തരിക അവയവങ്ങള്‍ക്ക് ഗുരുതര പരിക്കേറ്റ് രക്തം വാര്‍ന്നു നേരം പുലര്‍ന്നപ്പോഴേക്കും മരണപ്പെടുകയായിരുന്നു.