20 April 2024 Saturday

ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 ഇന്ന്

ckmnews

ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന പോരാട്ടത്തിനൊരുങ്ങി ഗ്രീൻഫീൽഡ് സ്റ്റേഡിയം. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടി20 മത്സരം ഇന്ന് വൈകിട്ട് 7 ന് ആരംഭിക്കും. മൂന്ന് വർഷത്തിന് ശേഷമാണ് ഒരു അന്താരാഷ്ട്ര മത്സരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്നത്. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ളവർ നേരത്തെ തന്നെ തലസ്ഥാനത്തെത്തിയിരുന്നുഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര 2-1ന് സ്വന്തമാക്കിയ ഇന്ത്യ പുതിയ വെല്ലുവിളി മറികടക്കാൻ തയ്യാറെടുക്കുകയാണ്. ഇരു ടീമുകളും ഇന്നലെ സ്‌റ്റേഡിയത്തില്‍ പരിശീലനത്തിനെത്തി. ഉച്ചവരെ ദക്ഷിണാഫ്രിക്കയും ഉച്ചകഴിഞ്ഞ്‌ ഇന്ത്യന്‍ ടീമുമാണ്‌ പരിശീലിച്ചത്. അടുത്ത മാസം ആരംഭിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി, ഇരു ടീമിനും ഒരുക്കങ്ങൾ പൂർത്തിയാക്കാനുള്ള അവസാന പരമ്പരയാണിത്. മാത്രമല്ല നാല് മാസത്തിനിടെ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടി20 പരമ്പരയാണിതെന്നതും ശ്രദ്ധേയമാണ്.


ഈ വർഷം ജൂണിൽ അഞ്ച് മത്സരങ്ങൾ കളിക്കാൻ ആഫ്രിക്കൻ ടീം ഇന്ത്യയിലെത്തി. തുടർന്ന് പരമ്പര 2-2ന് സമനിലയിൽ അവസാനിച്ചു. ഒരു മത്സരത്തിൽ ഫലമുണ്ടായില്ല. ഇരുടീമുകളും തമ്മിലുള്ള അവസാന രണ്ട് പരമ്പരകളും സമനിലയിൽ അവസാനിച്ചത് യാദൃശ്ചികമാണ്. ഈ വർഷം ജൂണിന് മുമ്പ്, 2019 സെപ്റ്റംബറിൽ, ഇന്ത്യയിൽ നടന്ന മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1 ന് സമനിലയിലായി. ഇരു ടീമുകളും തമ്മിൽ 20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇതിൽ 11 എണ്ണത്തിലും ഇന്ത്യ വിജയിച്ചു. എട്ട് മത്സരങ്ങളിൽ ദക്ഷിണാഫ്രിക്ക ജയിച്ചു. അതേസമയം ഒരു മത്സരത്തിൽ ഫലമുണ്ടായില്ല.


ഇന്ത്യ:

രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ഋഷഭ് പന്ത് (WK), ദിനേഷ് കാർത്തിക് (WK), രവിചന്ദ്രൻ അശ്വിൻ, യുസ്‌വേന്ദ്ര ചാഹൽ, അക്സർ പട്ടേൽ, ഷഹബാസ് അഹമ്മദ്, അർഷ്ദീപ് സിംഗ്, ഉമേഷ് യാദവ്, ഹർഷൽ പട്ടേൽ, ദീപക് ചാഹർ, ജസ്പ്രീത് ബുംറ.


ദക്ഷിണാഫ്രിക്ക:

ടെംബ ബാവുമ (c), ക്വിന്റൺ ഡി കോക്ക് (WK), റീസ ഹെൻഡ്രിക്സ്, ഹെൻറിച്ച് ക്ലാസൻ (WK), കേശവ് മഹാരാജ്, എയ്ഡൻ മാർക്രം, ഡേവിഡ് മില്ലർ, ലുങ്കി എൻഗിഡി, ആൻറിച്ച് നോർട്ട്ജെ, വെയ്ൻ പാർനെൽ, ഡ്വെയ്ൻ പ്രിട്ടോറിയസ്, കാഗിസോ റബാഡ, റോസ്സോ , തബാരിസ് ഷംസി, ട്രിസ്റ്റൻ സ്റ്റബ്സ് (Wk), ജോർൺ ഫോർച്യൂൺ, മാർക്കോ യാൻസൻ, ആൻഡിൽ ഫെഹ്ലുക്വായോ.


ട്വന്റി-ട്വന്റി ക്രിക്കറ്റ് മത്സരത്തിന് വിപുലമായ സുരക്ഷാ ഗതാഗത ക്രമീകരണങ്ങൾ:


മത്സരത്തോടനുബന്ധിച്ച് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയതായി ഐ.ജി.പിയും സിറ്റി പൊലീസ് കമ്മീഷണറുമായ ജി.സ്പർജൻ കുമാർ അറിയിച്ചു. സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ 1650 ഉദ്യോഗസ്ഥരെ നിയോഗിച്ചാണ് ശക്തമായ സുരക്ഷ ഒരുക്കുന്നത്.