20 April 2024 Saturday

150 കോടിയിലധികം രൂപ യാത്രക്കാര്‍ക്ക് റീഫണ്ട് നല്‍കി എയര്‍ ഇന്ത്യ

ckmnews

സ്വകാര്യവല്‍ക്കരണത്തിന് ശേഷമുള്ള ആദ്യ മാസങ്ങളില്‍ 150 കോടിയിലധികം രൂപ യാത്രക്കാര്‍ക്ക് റീഫണ്ട് ചെയ്തതായി എയര്‍ ഇന്ത്യ.ജനുവരി 27-ന് ടാറ്റയുടെ കൈകളിലേക്ക് തിരിച്ചെത്തിയ എയര്‍ ഇന്ത്യ അന്നുമുതല്‍, മുടങ്ങിയ യാത്രകളുടെ റീഫണ്ടുകള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയായിരുന്നു ഇതുവരെ.


റീഫണ്ടുകള്‍ നല്‍കിയത് മുന്‍ഗണനാ ക്രമത്തില്‍ ആണെന്നും 2,50,000 കേസുകളില്‍ റീഫണ്ട് അനുവദിച്ച്‌ നല്‍കിയിട്ടുണ്ടെന്നും എയര്‍ ഇന്ത്യ അറിയിച്ചു. ശേഷിക്കുന്നവ ഉടനെ തന്നെ തീര്‍പ്പാക്കും.


എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റില്‍ സമര്‍പ്പിക്കുന്ന റീഫണ്ട് അഭ്യര്‍ത്ഥനയ്ക്ക് രണ്ട് മുതല്‍ മൂന്ന് ദിവസത്തിനുള്ളില്‍ പരിഹാരം കാണാന്‍ ശ്രമിക്കുന്നുണ്ട് എന്നും എയര്‍ ഇന്ത്യ വ്യക്തമാക്കുന്നു. എന്നാല്‍ എയര്‍ലൈനിന്റെ നിയന്ത്രണത്തിന് അതീതമായ ചില കാര്യങ്ങളാല്‍ ചിലപ്പോള്‍ പേയ്‌മെന്റുകള്‍വൈകുന്നതായി വന്നേക്കാം. ഉദാഹരണത്തിന് ബാങ്കുകളുടെയോ ക്രെഡിറ്റ് കാര്‍ഡ് കമ്ബനികളുടെയോ താമസം വൈകിയ ഇടപെടലുകള്‍ റീഫണ്ട് വൈകിപ്പിച്ചേക്കും.


എയര്‍ ഇന്ത്യയുടെ ഓണ്‍-ടൈം പെര്‍ഫോമന്‍സ് (ഒടിപി) മെച്ചപ്പെടുത്തുമെന്നും ഫ്ലൈറ്റ് കാലതാമസവും അവയുടെ കാരണങ്ങളും കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാന്‍ ജീവനക്കാരോട് ആവശ്യപ്പെടുമെന്നും എയര്‍ ഇന്ത്യയുടെ സിഇഒയും എംഡിയുമായ കാംബെല്‍ വില്‍സണ്‍ പ്രഖ്യാപിച്ചിരുന്നു. കൂടാതെ എയര്‍ ഇന്ത്യയുടെ ഫ്ലൈറ്റുകള്‍ പുതുക്കി ഷെഡ്യൂള്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.