20 April 2024 Saturday

തൃക്കാവിലെ ബ്രാഹ്മണ ഗൃഹങ്ങളിൽ;നവരാത്രി ആഘോഷങ്ങൾക്കായി ബൊമ്മക്കൊലു ഒരുങ്ങി.

ckmnews

തൃക്കാവിലെ ബ്രാഹ്മണ ഗൃഹങ്ങളിൽ;നവരാത്രി ആഘോഷങ്ങൾക്കായി ബൊമ്മക്കൊലു ഒരുങ്ങി.


പൊന്നാനി : പത്തുദിവസം നീണ്ടുനിൽക്കുന്ന നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പൊന്നാനി തൃക്കാവിലെ ബ്രാഹ്മണ ഗൃഹങ്ങളിൽ ബൊമ്മക്കൊലു ഒരുക്കിത്തുടങ്ങി.തിങ്കളാഴ്ച ക്ഷേത്രങ്ങളിൽ പൂജ ആരംഭിക്കുന്നതോടെ ബൊമ്മക്കൊലുവിനും പൂജ നടക്കും. ദിവസവും രാവിലെയും വൈകീട്ടും ബൊമ്മക്കൊലുവിനും പൂജയുണ്ടാവും. വിവിധ തട്ടുകളിൽ പട്ടുവിരിച്ചാണ് ബൊമ്മകളെ നിരത്തുക. മരം, മണ്ണ്, പ്ലാസ്റ്റർ ഓഫ് പാരിസ്, എന്നിവകൊണ്ട് നിർമിച്ച ബൊമ്മകളാണ് തട്ടുകളിൽ നിരത്തുക.


ദശാവതാരം, അഷ്ടലക്ഷ്മി, പട്ടാഭിഷേകം, ഗീതോപദേശം തുടങ്ങി വിവിധ സന്ദർഭങ്ങളെക്കുറിക്കുന്ന പാവകളൊരുക്കും. മരപ്പാവകൾക്കാണ് പ്രാധാന്യം. ഒരു കുടുംബസംഗമത്തിനുള്ള വേദി കൂടിയാണ് ബൊമ്മക്കൊലു.

വിജയദശമി നാളിൽ പൊന്നാനി തൃക്കാവ് ദുർഗ്ഗാഭഗവതീ ക്ഷേത്രത്തിൽ സന്ധ്യക്ക് ദീപാരാധനകഴിഞ്ഞ ഉടൻ മരപ്പാവകളെ കിടത്തിവെക്കുന്ന ചടങ്ങാണ്. പിന്നീട് മംഗളം പാടി അവസാനിപ്പിക്കും.

അടുത്ത ദിവസം പാവകളെയെല്ലാം പൊതിഞ്ഞു സൂക്ഷിക്കും. ഓരോവർഷവും കൂടുതൽക്കൂടുതൽ പാവകളെ ബൊമ്മക്കൊലുവിൽ ഉൾപ്പെടുത്തിവരികയാണ് പതിവ്.