06 December 2022 Tuesday

സഭാ തർക്കം രമ്യമായി പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ ഇടപെടൽ സ്വാഗതാർഹം:ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റി

ckmnews

സഭാ തർക്കം രമ്യമായി പരിഹരിക്കുന്നതിന്  മുഖ്യമന്ത്രിയുടെ ഇടപെടൽ സ്വാഗതാർഹം:ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റി


ചാലിശ്ശേരി:കോടതിയുടെ നിർദ്ദേശത്തിന് വിധേയമായി ഓർത്തഡോക്സ് -യാക്കോബായ സഭാ തർക്കം രമ്യമായി പരിഹരിക്കുന്നതിന് ഇരുവിഭാഗങ്ങളുമായി ചർച്ച നടത്തി ഒരു മാസത്തിനകം നിർദേശം സമർപ്പിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതിയെ ചുമതലപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റി ഭാരവാഹികളുടെ അടിയന്തരയോഗം സ്വാഗതം ചെയ്തു.ഇരു സഭാ പ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.ചർച്ചകൾ തുടരണമെന്നും പുതിയ കേസുകൾ ഇരു കൂട്ടരും കൊടുക്കരുതെന്നും നിലവിലുള്ള കേസുകളിൽ സമ്മർദ്ദം  ചെലുത്തരുതെന്നുമുള്ള മുഖ്യമന്ത്രിയുടെ നിർദ്ദേശം ഇരു വിഭാഗവും അംഗീകരിച്ചത് വിശ്വാസികൾക്ക് ശുഭപ്രതീക്ഷ നൽകുന്നു എന്ന് യോഗം വിലയിരുത്തി. ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റി ഉൾപ്പെടെയുള്ളവരുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ച് തർക്കമുള്ള പള്ളികളിൽ ശവസംസ്കാരത്തിന് ആദ്യം ഓർഡിനൻസും പിന്നീട് നിയമനിർമാണവും  നടത്തിയ മാതൃകയിൽ ജസ്റ്റിസ് കെ.ടി. തോമസ് കമ്മീഷൻ നിർദ്ദേശിച്ച ചർച്ച് ബിൽ എത്രയും വേഗം നിയമസഭയിൽ  പാസാക്കി പ്രശ്നം ശാശ്വതമായി പരിഹരിക്കണമെന്ന് യോഗം ബന്ധപ്പെട്ടവരോട്  അഭ്യർത്ഥിച്ചു.ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ ചെയർമാൻ ഷെവലിയാർ സി.ഇ. ചാക്കുണ്ണി അധ്യക്ഷനായി.നിയമോപദേഷ്ടാവ് അഡ്വക്കേറ്റ് എം.കെ. അയ്യപ്പൻ  മുഖ്യപ്രഭാഷണം നടത്തി.ഭാരവാഹികളായ പ്രൊഫസർ ഫിലിപ്പ് കെ. ആന്റണി,  ബേബി കിഴക്കേഭാഗം,എൻജിനീയർ ജോയ് ജോസഫ്. കെ, എം.കെ.ബിജു,സി.വി.ജോസി,ജെയിംസ് സി.എം, ഷാജു സി. മാത്യു  എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി എം.സി.ജോൺസൺ സ്വാഗതവും ഖജാൻജി സി.സി മനോജ് നന്ദിയും രേഖപ്പെടുത്തി.

ckmnews