25 April 2024 Thursday

കോടികള്‍ ധൂര്‍ത്തടിക്കരുത്, പണമെങ്ങനെ കൈകാര്യം ചെയ്യാം; അനൂപിന് പരിശീലനം

ckmnews

കോടികള്‍ ധൂര്‍ത്തടിക്കരുത്, പണമെങ്ങനെ കൈകാര്യം ചെയ്യാം; അനൂപിന് പരിശീലനം


തിരുവനന്തപുരം ∙ 25 കോടി രൂപയുടെ ഓണം ബംപർ ജേതാവ് തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയായ ഓട്ടോ ഡ്രൈവർ അനൂപിന് പണം കൈകാര്യം ചെയ്യുന്ന കാര്യങ്ങളിൽ ഏകദിന പരീശീലനം നൽകാൻ ലോട്ടറി വകുപ്പ് തയാറെടുക്കുന്നു. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷന്റെ സഹായത്തോടെ പരീശീലനം നൽകാനാണ് തീരുമാനം. 

ദീർഘകാലത്തേക്കുള്ള നിക്ഷേപങ്ങൾ, എങ്ങനെ സുരക്ഷിതമായി നിക്ഷേപിക്കാം, നികുതി അടയ്ക്കേണ്ടത് എങ്ങനെ എന്നതടക്കമുള്ള കാര്യങ്ങളിൽ അനൂപിനു പരിശീലനം നൽകും. ഉയർന്ന തുക സമ്മാനമുള്ള ലോട്ടറികളുടെ ഒന്നാം സമ്മാന ജേതാക്കൾക്ക് സാമ്പത്തിക കാര്യങ്ങളിൽ പരിശീലനം നൽകാൻ ലോട്ടറി ഡയറക്ടറേറ്റ് നേരത്തേ തീരുമാനിച്ചിരുന്നു. ഓണം ബംപറിന് ഇതുവരെയുള്ള ഏറ്റവും വലിയ തുകയായതിനാൽ പരിശീലന ക്ലാസ് അനൂപിൽ തുടങ്ങാൻ തീരുമാനിച്ചു.


പതിനെട്ടാം തീയതി ഓണം ബംപർ നറുക്കെടുത്ത് മണിക്കൂറുകൾക്കുള്ളിൽ ഭാഗ്യവാനെ കണ്ടെത്തിയെങ്കിലും ഇതുവരെ അനൂപിന്റെ അക്കൗണ്ടിൽ പണം എത്തിയിട്ടില്ല. ലോട്ടറി ടിക്കറ്റിനൊപ്പം സമർപ്പിച്ച രേഖകളായ പാൻ കാർഡിലും ആധാർ കാർഡിലും അനൂപിന്റെ പേരിൽ ചെറിയ വ്യത്യാസം ഉള്ളതാണ് കാരണം. ഇതു പിന്നീട് പ്രശ്നങ്ങൾക്കിടയാക്കുമെന്നതിനാൽ അനൂപ് ടിക്കറ്റ് സമർപ്പിച്ച ബാങ്കിന് ലോട്ടറി വകുപ്പ് കത്തു നൽകി. ബാങ്കിൽനിന്ന് രേഖകൾ ലഭിച്ചശേഷം പരിശോധന നടത്തി തുക കൈമാറുമെന്ന് അധികൃതർ പറഞ്ഞു. 


കാനറ ബാങ്കിലാണ് അനൂപ് ടിക്കറ്റ് കൈമാറിയത്. ലോട്ടറി ടിക്കറ്റിലെ ഒരു അക്ഷരം മാറിയപ്പോൾ ഒന്നാം സമ്മാനം നഷ്ടമാകുകയും സമാശ്വാസ സമ്മാനമായി 5 ലക്ഷം രൂപ ലഭിക്കുകയും ചെയ്ത രഞ്ജിതയ്ക്ക് നറുക്കെടുപ്പിന്റെ പിറ്റേന്നുതന്നെ തുക കൈമാറി. ലോട്ടറി ജേതാക്കൾ ആവശ്യമായ രേഖകൾ ഹാജരാക്കിയാൽ മൂന്നു ദിവസത്തിനകം സമ്മാനം കൈമാറാൻ ഓഗസ്റ്റിൽ ലോട്ടറി ഡയറക്ടറേറ്റ് തീരുമാനിച്ചിരുന്നു. ഓണം ബംപർ ജേതാവിന് 10% ഏജൻസി കമ്മിഷനും 30% നികുതിയും കഴിഞ്ഞ് 15.75 കോടി രൂപയാണ് ലോട്ടറി വകുപ്പ് കൈമാറുക. സർചാർജും സെസുമെല്ലാം കഴിഞ്ഞ് ജേതാവിന് ഉപയോഗിക്കാൻ കഴിയുന്ന തുക 12.89 കോടി രൂപയാണ്.