25 April 2024 Thursday

പൊന്നാനിയിൽ കെഎസ്ആർടിസി ബസിനും ടാങ്കർ ലോറിക്കും നേരെ കല്ലേറ്:മൂന്ന് പേർ അറസ്റ്റിൽ

ckmnews

പൊന്നാനിയിൽ കെഎസ്ആർടിസി  ബസിനും ടാങ്കർ ലോറിക്കും നേരെ കല്ലേറ്:മൂന്ന് പേർ അറസ്റ്റിൽ


പൊന്നാനി:കെഎസ്ആർടിസി ബസിനും ടാങ്കർ ലോറിക്കും നേരെ കല്ലേറിഞ്ഞ സംഭവത്തിൽ മൂന്ന് പേരെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട് നിന്നും ഗുരുവായൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ്സിന് നേരേയാണ് ഇന്ന് രാവിലെ പൊന്നാനി ആനപ്പടിയിൽ വെച്ച് കല്ലേറുണ്ടായത്.സംഭവത്തിൽ പൊന്നാനി സ്വദേശികളായ മുബഷീർ, മുഹമ്മദ് ശരീഫ്, റാസിഖ് എന്നിവരെയാണ് പൊന്നാനി പോലീസ് അറസ്റ്റു ചെയ്തത്.കല്ലേറിൽ ബസ്സിൻ്റെ ചില്ലുകൾ തകർന്നു. മുൻപിലുണ്ടായിരുന്ന ടാങ്കർ ലോറിക്ക് നേരെയും കല്ലേറുണ്ടായി.ഇതേസമയം ടാങ്കർ ലോറിയുടെ ഡ്രൈവർ ആക്രമണ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. മുഖം മറച്ച് രണ്ടു ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.തുടർന്ന് പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂരിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിൽ മിനുറ്റുകൾക്കകം ദൃശ്യങ്ങളിൽ കണ്ട രണ്ടുപേരെ ബൈക്ക് സഹിതം പിടികൂടി.ഇവരുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ പോലീസ് അകമ്പടിയില്ലാത്ത കെഎസ്ആർടിസി  ബസുകൾ ആക്രമിക്കണമെന്ന ശബ്ദ സന്ദേശം കണ്ടെത്തിയതായും തുടർന്ന് ഇത് അയച്ച വ്യക്തിയെ പിടികൂടിയതായും സി.ഐ വിനോദ് വലിയാറ്റൂർ പറഞ്ഞു