24 April 2024 Wednesday

മലപ്പുറത്ത് വീണ്ടും ലഹരി വേട്ട; ഒരു കോടിയോളം രൂപയുടെ എംഡിഎംഎയുമായി കോട്ടക്കല്‍ ഒതുക്കുങ്ങല്‍ സ്വദേശി പിടിയില്‍

ckmnews

കൊളത്തൂര്‍: മലപ്പുറം ജില്ലയില്‍ കോടികളുടെ മാരക മയക്കുമരുന്നുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടക്കല്‍ ഒതുക്കങ്ങള്‍ സ്വദേശി കാളങ്ങാടന്‍ സുബൈറിനെ (42)യാണ് അറസ്റ്റ് ചെയ്തത്.  ബാംഗ്ലൂര്‍, വിരാജ്‌പേട്ട എന്നിവിടങ്ങളില്‍ നിന്ന് ജില്ലയില്‍ വില്‍പ്പന നടത്താനായി എത്തിച്ച സിന്തറ്റിക് മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട എംഡി എം എയുമായാണ് ഇയാളെ കൊളത്തൂര്‍ പൊലീസ് പിടികൂടിയത്. എം ഡി എം എ, എല്‍ എസ് ഡി സ്റ്റാമ്പുകള്‍ തുടങ്ങിയ സിന്തറ്റിക് മയക്കുമരുന്നുകള്‍  തദ്ദേശീയരായ ഏജന്റുമാര്‍ മുഖേന ജില്ലയിലെത്തിച്ച് വില്‍പ്പന നടത്തുന്ന കോട്ടക്കല്‍  കേന്ദ്രീകരിച്ച്  പ്രവര്‍ത്തിക്കുന്ന സംഘത്തിലെ ചില കണ്ണികളെ കുറിച്ച് പൊലീസ് നടത്തിയ രഹസ്യ നിരീക്ഷണത്തനിടുവിലാണ് ഇയാള്‍ വലയിലായത്. 


പടപ്പറമ്പ്  ടൗണിന് സമീപത്തു നിന്നാണ്   140 ഗ്രാം എം ഡി എം എയുമായി പ്രതിയെ അറസ്റ്റു ചെയ്തത്. കര്‍ണാടകയിലെ കൊടുക്, വിരാജ്‌പേട്ട എന്നിവിടങ്ങളിലെ രഹസ്യ കേന്ദ്രങ്ങളില്‍ ദിവസങ്ങളോളം താമസിച്ച്  അവിടെയുള്ള ഏജന്റുമാര്‍ മുഖേന വാങ്ങുന്ന ഇത്തരം മയക്കുമരുന്ന് പ്രത്യേക കാരിയര്‍മാര്‍ മുഖേനയാണ് കേരളത്തിലേക്ക് എത്തിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. പാര്‍സലുകളിലും വാഹനങ്ങളുടെ പാര്‍ട്‌സുകള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയിലും മറ്റും ഒളിപ്പിച്ചാണ്  ബസ്, ട്രെയിന്‍ മാര്‍ഗം കേരളത്തിലേക്ക് കടത്തുന്നത്.