ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസ്, ഫോണ്‍ സംഭാഷണത്തിലെ ശബ്ദം കെ സുരേന്ദ്രന്‍റേത് തന്നെ, സ്ഥിരീകരണം

വയനാട്: ബി ജെ പി ബത്തേരി കോഴക്കേസിൽ നിർണായക ഫോറൻസിക് റിപ്പോർട്ട് അന്വേഷണ സംഘത്തിന് കിട്ടി. സി കെ ജാനുവിന് പത്ത് ലക്ഷം രൂപ നൽകിയെന്ന് തെളിയിക്കുന്ന ശബ്ദ രേഖ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റേത് തന്നെയെന്ന് തെളിഞ്ഞു. പ്രതികളെ കൊച്ചിയിലെ സ്റ്റുഡിയോയിലെത്തിച്ച് ശബ്ദ സാബിളുകൾ ശേഖരിച്ചിരുന്നു. സി കെ ജാനുവിനും കെ സുരേന്ദ്രനുമെതിരായ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ജെ ആർ പി നേതാവായിരുന്ന സി കെ ജാനുവിനെ എൻ ഡി എയിലേക്ക് എത്തിക്കാൻ ബി ജെ പി സംസ്ഥാന അധ്യക്ഷൻ പണം നൽകിയെന്ന കേസിലാണ് ഫോറൻസിക്ക് റിപ്പോർട്ട് അന്വേഷണ സംഘത്തിന് കിട്ടിയത്. സി കെ ജാനുവിന് പത്ത് ലക്ഷം രൂപ നൽകിയതുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രനും ജെ ആർ പി നേതാവ് പ്രസീത അഴീക്കോടും തമ്മിലുണ്ടായ ഫോൺ സംഭാഷണമാണ് പരിശോധനക്കയച്ചത്. തിരുവനന്തപുരം ഫോറൻസിക്ക് ലാബിലെ റിപ്പോർട്ട് പ്രകാരം പ്രസീത പുറത്തുവിട്ട ഫോൺ സംഭാഷണത്തിൽ സംസാരിക്കുന്നത് കെ സുരേന്ദ്രൻ തന്നെയാണെന്ന് വ്യക്തമായി.