25 April 2024 Thursday

പറമ്പിക്കുളം ഡാമിലെ ഷട്ടർ തകരാർ; തമിഴ്നാടിന്റെ വീഴ്ചയെന്ന് ഡാം സുരക്ഷാ അതോറിറ്റി മുൻ ചെയർമാൻ

ckmnews

പാലക്കാട്: പാലക്കാട് പറമ്പിക്കുളം ഡാമിൽ ഷട്ടർ തകരാറിലായ സംഭവത്തില്‍ തമിഴ്നാടിന്റെ വീഴ്ചയെന്ന് ഡാം സുരക്ഷാ അതോറിറ്റി മുൻ ചെയർമാൻ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ. കൃത്യമായ പരിശോധന നടത്തും എന്ന് തമിഴ്നാട് പറഞ്ഞതാണ്. എന്നാല്‍, അറ്റക്കുറ്റ പണിയിൽ തമിഴ്നാടിന് വീഴ്ച പറ്റിയെന്നാണ് രാമചന്ദ്രൻ നായർ കുറ്റപ്പെടുത്തുന്നത്. ഇനി വെള്ളം ഒഴുകി പോകാതെ ഒന്നും ചെയ്യാൻ ആവില്ലെന്ന് പറഞ്ഞ രാമചന്ദ്രൻ നായർ, അണക്കെട്ടില്‍ കേരള ഡാം സേഫ്റ്റി അതോറിറ്റിയെ പരിശോധിക്കാൻ അനുവദിക്കാറില്ലെന്നും കുറ്റപ്പെടുത്തി. 10 വർഷം മുൻപ് വരെ പരിശോധന നടത്തിയിരുന്നു. കേരളത്തിലെ അണക്കെട്ടുകള്‍ സുരക്ഷിതമാണെന്നും ജസ്റ്റിസ് രാമചന്ദ്രൻ നായർ കൂട്ടിച്ചേര്‍ത്തു.


ഡാമിലെ ഷട്ടർ തകരാർമൂലം ഒഴുകി വരുന്ന വെള്ളത്തിന്റെ അളവ് കൂടിയതോടെ മുൻകരുതലായി പറമ്പിക്കുളം ആദിവാസി മേഖലയിൽ നിന്നുള്ളവരെ മാറ്റിപാർപ്പിച്ച് തുടങ്ങി. പറമ്പിക്കും മേഖലയിലെ രണ്ട് കോളനിയിലുളളവരെ മാറ്റിപാർപ്പിച്ചു. അഞ്ചാം കോളനിയിലെ 18 കുടുംബങ്ങളെയും മാറ്റി പാർപ്പിച്ചു. കുരിയാർകുറ്റി താഴെ കോളനിയിലുള്ളവരെയും മാറ്റി. പുഴയിൽ ജലനിരപ്പ് ഉയരുന്നതിനലാണ് മാറ്റി പാർപ്പിച്ചത്. തുടർച്ചായി 20,000 ക്യുസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുകി കൊണ്ടിരിക്കുന്നത്. ഇന്നലെ രാത്രിയാണ് ഷട്ടർ തകരാറിലായത്. തൃശ്ശൂർ വൈൽഡ് ലൈഫ് വാർഡനും ചിറ്റൂർ തഹസിൽദാർക്കും അറിയിപ്പ് നൽകിയിട്ടുണ്ട്.