19 April 2024 Friday

തുഞ്ചന്‍ വിദ്യാരംഭം കലോത്സവം ഒക്ടോബര്‍ ഒന്നിന് തുടക്കം

ckmnews

തിരൂര്‍: ഈ വര്‍ഷത്തെ വിദ്യാരംഭത്തോടനുബന്ധിച്ചുള്ള തുഞ്ചന്‍ കലോത്സവം ഒക്ടോബര്‍ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ദിവസങ്ങളില്‍ തിരൂര്‍ തുഞ്ചന്‍ പറമ്ബില്‍ നടക്കും.കവി കുഞ്ഞുണ്ണി ഏര്‍പ്പെടുത്തിയ അക്ഷരശുദ്ധി മത്സരം സെപ്റ്റംബര്‍ 28നും കുട്ടികളുടെ വിദ്യാരംഭവും കവികളുടെ വിദ്യാരംഭവും വിജയദശമി ദിവസമായ ഒക്ടോബര്‍ അഞ്ചിനും നടക്കും. ഒക്ടോബര്‍ ഒന്നിന് ശനിയാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന വിദ്യാരംഭം കലോത്സവം സാഹിത്യകാരനും നടനുമായവി.കെ. ശ്രീരാമന്‍ ഉദ്ഘാടനം ചെയ്യും. തുഞ്ചന്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ എം.ടി. വാസുദേവന്‍ നായര്‍ അധ്യക്ഷത വഹിക്കും. വൈകീട്ട് ആറിന് ഷാജി കുഞ്ഞന്‍ അവതരിപ്പിക്കുന്ന ഗസല്‍സന്ധ്യയും രാത്രി എട്ടിന് മഞ്ജു വി. നായരും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യവും അരങ്ങേറും.


ഒക്ടോബര്‍ രണ്ടിന് വൈകീട്ട് 5.30ന് വയലിന്‍ സോളോയും ഏഴിന് സര്‍ഗവിരുന്നും ഒമ്ബതിന് നൃത്തനൃത്യങ്ങളും അരങ്ങേറും. ഒക്ടോബര്‍ മൂന്നിന് വൈകീട്ട് 5.30ന് കൃഷ്ണന്‍ പച്ചാട്ടിരിയും ഗോപി മണമ്മലും സംഘവും അവതരിപ്പിക്കുന്ന കളേഴ്സ് ഓഫ് സോളോയും ഏഴിന് നൃത്താര്‍ച്ചനയും 8.30ന് നൃത്തനൃത്ത്യങ്ങളും അരങ്ങേറും. ഒക്ടോബര്‍ നാലിന് ചൊവ്വാഴ്ച വൈകീട്ട് 5.30ന് മയൂരനൃത്തങ്ങള്‍, 6.30ന് നൃത്തനൃത്യങ്ങള്‍, എട്ടിന് സംഗീതവിരുന്നും അരങ്ങേറും. ഒക്ടോബര്‍ അഞ്ചിന് രാവിലെ അഞ്ചിന് തുഞ്ചന്‍സ്മാരക മണ്ഡപത്തിലും സരസ്വതി മണ്ഡപത്തിലും കുട്ടികളുടെ വിദ്യാരംഭം ആരംഭിക്കും. 9.30ന് കവികളുടെ വിദ്യാരംഭവും വൈകീട്ട് 5.30ന് ഡോ. എല്‍. ശ്രീരഞ്ജിനി അവതരിപ്പിക്കുന്ന കര്‍ണ്ണാടക സംഗീത വിരുന്നും 7.30ന് രാഗമാലിക സ്കൂള്‍ ഓഫ് മ്യൂസിക് തിരൂര്‍ അവതരിപ്പിക്കുന്ന ത്യാഗരാജസ്വാമികളുടെ ഉത്സവ സമ്ബ്രദായ കൃതികളും അരങ്ങേറും.