23 April 2024 Tuesday

റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ പൊതുമരാമത്ത് വകുപ്പ്: റണ്ണിംഗ് കോണ്‍ട്രാക്ട് നൽകിയ റോഡുകളിൽ പരിശോധന തുടങ്ങി

ckmnews

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ റോഡുകളിൽ പൊതുമരാമത്ത് വകുപ്പിന്‍റെ പരിശോധന. റണ്ണിംഗ് കോൺട്രാക്ട് പ്രകാരമുള്ള റോ‍ഡുകളിൽ തിരുവനന്തപുരം,എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് പരിശോധന നടത്തിയത്. റോഡിന്‍റെ ഒരുവര്‍ഷത്തെ പരിപാലനം കരാറുകാരൻ ഉറപ്പാക്കുന്ന രീതിയാണ് റണ്ണിംഗ് കോൺട്രാക്ട്. വരും ദിവസങ്ങളിൽ മറ്റ് ജില്ലകളിലും പരിശോധന നടത്തും. ഈ മാസം 30ന് പരിശോധനകൾ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും. നാല് ഐഎഎസ്സുകാരും 8 ചീഫ് എഞ്ജിനിയര്‍മാരും ഉൾപ്പെടുന്ന സംഘമാണ് പരിശോധനയ്ക്ക് മേൽനോട്ടം വഹിക്കുന്നത്. 


റോഡുകളുടെ മോശാവസ്ഥയിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പിനെ രൂക്ഷമായി വിമർശിച്ചിരുന്നു. പൊതുമരാമത്ത് റോഡിലെ കുഴികൾ അടയ്ക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥരെ കോടതിയിലേക്ക് വിളിച്ചു വരുത്താൻ തുടങ്ങിയാൽ ഹൈക്കോടതിയിൽ പൊതുമരാമത്ത് വകുപ്പ് ഓഫീസ് തുറക്കേണ്ടി വരുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ആലുവ - പെരുമ്പാവൂര്‍ റോഡിലെ കുഴികൾ സംബന്ധിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.