28 March 2024 Thursday

മൃഗങ്ങളുമായി ഇടപഴകുന്ന ജീവനക്കാര്‍ക്ക് സ്‌പെഷ്യല്‍ വാക്‌സീനേഷനുമായി ആരോഗ്യവകുപ്പ്

ckmnews

തിരുവനന്തപുരം: മൃഗങ്ങളുടെ വാക്‌സിനേഷന്‍, വന്ധ്യംകരണം എന്നിവയ്ക്കായി നായ ഉള്‍പ്പെടെയുള്ള മൃഗങ്ങളുമായി നേരിട്ട് ഇടപെടുന്ന ജീവനക്കാര്‍ക്ക് പേ വിഷബാധ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് പ്രത്യേക വാക്‌സിനേഷന്‍ ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേര്‍ന്ന് നായകളെ പിടിച്ച് വാക്‌സിനേഷനും വന്ധ്യംകരണ ശസ്ത്രക്രിയയും നടത്തിവരികയാണ്. ഇവരില്‍ ചിലര്‍ക്ക് നായകളില്‍ നിന്നും കടിയേറ്റ സംഭവവുമുണ്ടായ പശ്ചാത്തലത്തിലാണ്  സ്‌പെഷ്യല്‍ വാക്‌സിനേഷന്‍ ആരംഭിച്ചത്.


വെറ്റിനറി ഡോക്ടര്‍മാര്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍, മൃഗങ്ങളെ പിടിക്കുന്നവര്‍, കൈകാര്യം ചെയ്യുന്നവര്‍ എന്നിവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. മൃഗങ്ങളുമായി ഇടപെടുന്ന എല്ലാ ജീവനക്കാരും പേ വിഷ പ്രതിരോധ വാക്‌സിന്‍ എടുക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.