19 April 2024 Friday

സംരക്ഷണഭിത്തിയില്ല:അപകടഭീതിയൊഴിയാതെ ഭാരതപ്പുഴയോരത്തെ കർമ റോഡ്

ckmnews

സംരക്ഷണഭിത്തിയില്ല:അപകടഭീതിയൊഴിയാതെ ഭാരതപ്പുഴയോരത്തെ കർമ റോഡ്


പൊന്നാനി:അപകടഭീതിയൊഴിയാതെ ഭാരതപ്പുഴയോരത്തെ കർമ റോഡ്. പുഴയോടുചേർന്ന് സംരക്ഷണഭിത്തിയില്ലാത്തതാണ് അപകടങ്ങൾക്കു കാരണമാകുന്നത്.നാലുമാസംമുൻപ് കാർ പുഴയിലേക്കു വീണുണ്ടായ അപകടത്തിൽ ഒരാൾക്ക് ജീവൻ നഷ്‌ടമായി. കഴിഞ്ഞദിവസം കാർ പുഴയിലേക്കു വീണുണ്ടായ അപകടത്തിൽ യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. പുഴയോടുചേർന്നുള്ള പാതയായിരുന്നിട്ടും സുരക്ഷാഭിത്തി നിർമിക്കാത്തതാണ് അപകടത്തിനിടയാക്കുന്നത്.


ചമ്രവട്ടം കടവ് മുതൽ പൊന്നാനി വരെ നീളുന്നതാണ് കർമ റോഡ്. പുഴയുടെ സൗന്ദര്യം ആസ്വദിക്കാനും മറ്റുമായി ഒട്ടേറെപേർ എത്തുന്ന പാതയാണിത്. ബോട്ട് സർവീസ് ഉൾപ്പെടെയുള്ളതിനാൽ വൈകുന്നേരങ്ങളിലും മറ്റും നല്ല തിരക്ക് അനുഭവപ്പെടാറുണ്ട്. ആഘോഷവേളകളിലും മറ്റും വാഹനത്തിരക്കും ഏറെയാണ്. അമിതവേഗത്തിലാണ് ഇതുവഴി വാഹനങ്ങൾ കടന്നുപോകുന്നതെന്ന പരാതിയുണ്ട്. നിയന്ത്രണം നഷ്‌ടപ്പെട്ടാൽ വാഹനങ്ങൾ നേരെ പുഴയിലേക്കാണ് പതിക്കുക.


പുഴയോരത്ത് പാർശ്വഭിത്തിയുണ്ടെങ്കിലും അവ റോഡിനോടു ചേർന്നാണ്. പാർശ്വഭിത്തിക്ക്‌ മുകളിലായി ഉയരത്തിൽ സംരക്ഷണഭിത്തികൂടി നിർമിച്ചാൽ മാത്രമേ അപകടങ്ങൾക്കു തടയിടാനാകൂ. പുഴയോരപാത ഗതാഗതത്തിനായി തുറന്നുകൊടുത്തിട്ട് അധികമായിട്ടില്ലെങ്കിലും ഇതിനോടകം വാഹനങ്ങൾ പുഴയിലേക്കു വീണുള്ള ഒട്ടേറേ അപകടങ്ങളുണ്ടായിട്ടുണ്ട്.


ചിലയിടങ്ങളിൽ റിഫ്ളക്‌ടറുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലയിടത്തും അപകടമുന്നറിയിപ്പുപോലും നൽകാൻ സംവിധാനമില്ല.തെരുവുവിളക്കുകളുടെ അഭാവം ഈ പാതയിലെ രാത്രിയാത്രയെ ഭീതിയിലാഴ്‌ത്തുന്നുണ്ട്. ഈശ്വരമംഗലം ഭാഗത്തെ വളവും അപകടഭീഷണിയുയർത്തുന്നതാണ്. കർമ പാലംകൂടി യാഥാർഥ്യമായാൽ ഹാർബറിൽനിന്നുള്ള മീൻവണ്ടികൾ ഉൾപ്പെടെയുള്ളവ ഇതുവഴിയാകും കടന്നുപോകുക. വാഹനത്തിരക്കേറുന്നതിനു മുൻപേ പുഴയോടുചേർന്ന് ഉയരത്തിൽ സുരക്ഷാഭിത്തി നിർമിച്ച് അപകടഭീതിയകയറ്റണമെന്ന ആവശ്യം ശക്തമാണ്.