24 April 2024 Wednesday

മദ്യപിച്ച് വാഹനമോടിച്ചതിനു തെളിവില്ലെന്ന് ശ്രീറാം; വഫയുടെ ഹർജിയിൽ വിധി ഇന്ന്

ckmnews

മദ്യപിച്ച് വാഹനമോടിച്ചതിനു തെളിവില്ലെന്ന് ശ്രീറാം; വഫയുടെ ഹർജിയിൽ വിധി ഇന്ന്


തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ വിടുതൽ ഹർജിയുമായി ഒന്നാം പ്രതിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമൻ. മദ്യപിച്ച് വാഹനമോടിച്ചതിനു തെളിവില്ലെന്നും വാഹന നിയമപ്രകാരമുള്ള കേസ് മാത്രമേ നിലനിൽക്കുകയുള്ളൂവെന്നുമാണ് ശ്രീറാമിന്റെ വാദം. അപകട സമയത്ത് ശ്രീറാം വെങ്കിട്ടരാമനൊപ്പം കാറിലുണ്ടായിരുന്ന രണ്ടാം പ്രതി വഫ ഫിറോസിന്റെ വിടുതൽ ഹർജിയിൽ തിരുവനന്തപുരം  ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി വിധി പറയാനിരിക്കെയാണ് ശ്രീറാമും കോടതിയെ സമീപിച്ചത്. 


വഫയുടെ വിടുതൽ ഹർജിയിൽ തിരുവനന്തപുരം ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ.സനില്‍കുമാറാണ് വിധി പറയുക. ഈ മാസം രണ്ടിന് വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കി വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കേസിൽ താൻ നിരപരാധിയാണെന്നും ഒഴിവാക്കണമെന്നുമാണു വഫയുടെ വാദം. വഫയ്ക്കെതിരെ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ശ്രീറാം മദ്യപിച്ചിരുന്നതായി അറിഞ്ഞിട്ടും തന്റെ കാർ കൈമാറുകയും വേഗത്തിൽ ഓടിക്കാൻ അനുവദിക്കുകയും ചെയ്തെന്നാണു കുറ്റം. 



മാധ്യമപ്രവർത്തകനായ കെ.എം.ബഷീർ 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിക്കാണ് ശ്രീറാം ഓടിച്ച വാഹനം ഇടിച്ചു കൊല്ലപ്പെടുന്നത്. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീറാമിന്റെ രക്ത പരിശോധന നടത്താതെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഡോക്ടർ കൂടിയായ ശ്രീറാം രക്തത്തിൽ മദ്യത്തിന്റെ അളവ് കുറയുന്നതുവരെ പരിശോധന നടത്താൻ സമ്മതിക്കാത്തതിനാൽ 10 മണിക്കൂറിനുശേഷം നടത്തിയ പരിശോധനയിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. രക്ത പരിശോധന വൈകിപ്പിക്കാൻ പൊലീസ് ഒത്തുകളിച്ചതായും ആരോപണം ഉയർന്നു.


മനഃപൂർവമല്ലാത്ത നരഹത്യ, പൊതുമുതൽ നശിപ്പിക്കൽ, മോട്ടർ വാഹന നിയമ ലംഘനം, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഒന്നാം പ്രതി ശ്രീറാമിനെതിരെ ചുമത്തിയത്. 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ. 50 കിലോമീറ്റർ വേഗപരിധിയുള്ള വെള്ളയമ്പലം–മ്യൂസിയം റോഡിൽ 100 കിലോമീറ്ററിലേറെ വേഗത്തിൽ അലക്ഷ്യമായും അപകടകരമായും കാർ ഓടിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു. 2020 ഫെബ്രുവരിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചതു പോലും ഏറെ സമ്മർദങ്ങൾക്കൊടുവിലായിരുന്നു. എന്നാൽ  മൂന്നു പ്രാവശ്യം സമൻസ് അയച്ചിട്ടും പ്രതികൾ നഗരത്തിൽ ഉണ്ടായിട്ടും കോടതിയിൽ ഹാജരായില്ല. നാലാം തവണ ഹാജരായി ജാമ്യവും നേടി. 66 പേജുള്ള കുറ്റപത്രത്തിൽ 84 രേഖകളും 72 തൊണ്ടിമുതലുകളുമാണു പൊലീസ് ഹാജരാക്കിയത്. 100 സാക്ഷി മൊഴികളുമുണ്ട്. 


മദ്യപിച്ച് അമിത വേഗത്തിലും അപകടകരമായും വാഹനമോടിച്ചാൽ അപകടമുണ്ടായി യാത്രക്കാർക്കും കാൽനടക്കാർക്കും മരണം സംഭവിക്കാമെന്നും പൊതുമുതൽ നശിക്കുമെന്നും ബോധ്യമുള്ള ഐഎഎസ് ഉദ്യോഗസ്ഥനും ഡോക്ടറുമായ ശ്രീറാം വെങ്കിട്ടരാമനാണ് അപകടകരമായി വാഹനമോടിച്ചത് എന്നു കുറ്റപത്രത്തിൽ പറയുന്നു. 2020 ഫെബ്രുവരി മൂന്നിനു പ്രത്യേക അന്വേഷണ സംഘം  സമർപ്പിച്ച കുറ്റപത്രം കോടതി അംഗീകരിക്കുകയായിരുന്നു.