മുപ്പത് ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

കർണാടകയിൽ നിന്ന് കടത്തിക്കൊണ്ടു വന്ന മുപ്പത് ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി മംഗലാപുരം സ്വദേശികളായ രണ്ടുപേർ പിടിയിലായി. തിരുവല്ലയിലാണ് സംഭവം. മിനിലോറിയിൽ കടത്താൻ ശ്രമിച്ച പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. നർക്കോട്ടിക്ക് സെൽ ഡിവൈ.എസ്.പി ഉൾപ്പെട്ട ഡാൻസാഫ് സംഘവും പുളിക്കീഴ് പൊലീസും ചേർന്നാണ് പൊടിയാടിയിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മംഗലാപുരം ബെഗ്രേ കസബയിൽ എം.ജെ.എം സ്ട്രീറ്റിൽ റഫീഖ് മുഹമ്മദ് ത്വാഹ, സംഗബേട്ട് കൽക്കുരി വീട്ടിൽ സിറാജുദീൻ എന്നിവരെ കസ്റ്റഡിയിലെടുത്തു. 65 ചാക്കുകളിലായി നിറച്ച 48750 പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നമാണ് പിടികൂടിയത്. കെട്ടിട നിർമ്മാണ സാമഗ്രികൾ എന്ന വ്യാജേന പലകകൾക്ക് അടിയിൽ കറുത്ത ടാർപാളിൻ കൊണ്ട് മൂടിയാണ് ചാക്കുകെട്ടുകൾ ഒളിപ്പിച്ചിരുന്നത്.കർണാടകയിൽ നിന്ന് കടത്തിക്കൊണ്ടു വന്ന പുകയില ഉൽപ്പന്നങ്ങൾ പത്തനംതിട്ടയിലെ ഇലവുംതിട്ട സ്വദേശിക്ക് കൊണ്ടുവന്നതാണെന്നാണ് പൊലീസിന് വിവരം ലഭിച്ചു. ഇയാൾക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി.