20 April 2024 Saturday

കേസുകൾ കെട്ടിക്കിടക്കുന്നു: സംസ്ഥാനത്തെ മുപ്പതോളം കോടതികളിൽ മജിസ്ട്രേറ്റുമാരില്ല

ckmnews

കേസുകൾ കെട്ടിക്കിടക്കുന്നു: സംസ്ഥാനത്തെ മുപ്പതോളം കോടതികളിൽ മജിസ്ട്രേറ്റുമാരില്ല



കണ്ണൂർ: മജിസ്ട്രേറ്റുമാരുടെ ഒഴിവുകൾ നികത്താത്തതിനാൽ പല കോടതികളിലും കേസുകൾ കെട്ടിക്കിടക്കുന്നു. സംസ്ഥാനത്തെ 125 മജിസ്ട്രേറ്റ് കോടതികളിൽ മുപ്പതോളം എണ്ണത്തിൽ ഇപ്പോൾ മജിസ്ട്രേറ്റുമാരില്ല. ചിലയിടങ്ങളിൽ മാസങ്ങളായി കേസുകൾ പരിഗണിക്കാനാകാതെ ബുദ്ധിമുട്ടുകയാണ്. കൊച്ചിയിലെ ജുഡീഷ്യൽ അക്കാദമിയിൽ നാൽപ്പതോളംപേർ പരിശീലനം നേടുന്നുന്നുണ്ട്. അവരുടെ പരിശീലനം കഴിഞ്ഞാൽ മാത്രമേ പുതിയ നിയമനങ്ങൾ നടക്കൂ.മജിസ്ട്രേറ്റുമാരില്ലാത്ത കോടതികളുടെ ചുമതല സമീപത്തെ മറ്റ് മജിസ്ട്രേറ്റുമാർക്ക് നൽകിയിരിക്കുകയാണ്. അടിയന്തരസ്വഭാവമുള്ള കേസുകൾ പരിഗണിക്കുകയല്ലാതെ വിചാരണയ്ക്കൊന്നും പകരം ചുമതല നൽകിയ മജിസ്ട്രേറ്റുമാർക്ക് സമയം കിട്ടില്ല.നിയമവകുപ്പിലെയും ഹൈക്കോടതിയിലെയും നിയമബിരുദമുള്ള ഗസറ്റഡ് ഉദ്യോഗസ്ഥരെയും കോടതികളിൽ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായി ജോലിചെയ്തവരുമായ പതിനാറോളം പേരെ താത്കാലിക മജിസ്ട്രേറ്റുമാരായി നിശ്ചയിച്ചിട്ടുണ്ട്.കോടതികൾ പ്രവർത്തിക്കാത്തത് സർക്കാരിനുള്ള വരുമാനത്തെയും ബാധിക്കും. മജിസ്ട്രേറ്റില്ലാത്ത കോടതികളുടെ പരിധികളിലെ പോലീസ് സ്റ്റേഷനുകളിൽ പിഴയീടാക്കി വിടുന്ന പെറ്റിക്കേസുകൾ ചാർജ് ചെയ്യുന്നതും ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. പ്രശ്നം അഭിഭാഷകരുടെ വരുമാനത്തെയും ബാധിച്ചു. കേസുകൾ വിചാരണചെയ്യാതെ അനന്തമായി നീളുന്നത് കക്ഷികളെയും ബുദ്ധിമുട്ടിലാക്കി.