29 March 2024 Friday

കൂറ്റനാടിൽ യുവതി ബസ് തടഞ്ഞ സംഭവം : ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി

ckmnews

കൂറ്റനാടിൽ  യുവതി ബസ്  തടഞ്ഞ സംഭവം : ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി


ചാലിശ്ശേരി : കൂറ്റനാട്ടിൽ അപകടകരമായ രീതിയിൽ സ്‌കൂട്ടറിനെ ഓവർടേക്ക് ചെയ്ത ബസ് ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി. ഇടിച്ചുവീഴ്ത്താൻ ശ്രമിച്ച ബസിനെ പിന്തുടർന്ന് യുവതി തടഞ്ഞുനിർത്തിയതിനെ തുടർന്ന് വാർത്തയായ സംഭവത്തിലാണ് നടപടി. ഡ്രൈവർ നിർബന്ധിത പരിശീലനത്തിനെത്തണമെന്നും പരിശീലനം കഴിയുന്നത് വരെ ദീർഘദൂര സർവീസിൽ നിന്ന് മാറി നിൽക്കണമെന്നും അധികൃതർ നിർദേശിച്ചു. സ്‌കൂട്ടർ യാത്രക്കാരിയായ യുവതി ബസ് തടഞ്ഞു നിർത്തി ഡ്രൈവറെ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി സ്വീകരിച്ചത്.ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച സാന്ദ്ര തലനാരിഴയ്ക്ക് വൻ അപകടത്തിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. കൂറ്റനാടിനുസമീപം പെരുമണ്ണൂരിലാണ് ഇടിച്ചുവീഴ്ത്താൻ ശ്രമിച്ച ബസ് യുവതി തടഞ്ഞിരുന്നത്. പാലക്കാട്ടുനിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്ന രാജപ്രഭ ബസാണ് തടഞ്ഞത്. ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സാന്ദ്രയെ ബസ് ഇടിച്ചുവീഴ്ത്താൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. തുടർന്ന് ഒന്നര കി.മീറ്ററോളം പിന്തുടർന്നാണ് യുവതി ബസിന്റെ മുന്നിൽനിന്ന് തടഞ്ഞത്. ഡ്രൈവറെ ശക്തമായ ഭാഷയിൽ താക്കീത് ചെയ്യുകയും ചെയ്തു.