08 December 2022 Thursday

പുതുപൊന്നാനി അഴിമുഖത്തെ മണൽ നീക്കൽ നടപടികൾക്ക് തുടക്കമായി

ckmnews

പുതുപൊന്നാനി: പുതുപൊന്നാനി അഴിമുഖത്ത് മത്സ്യബന്ധന യാനങ്ങള്‍ക്ക് തടസ്സമായുള്ള മണല്‍ത്തിട്ടകള്‍ നീക്കംചെയ്യുന്നതിനുള്ള ജോലികള്‍ക്ക് തുടക്കംകുറിച്ചു.അഴിമുഖത്തെ ആഴവും അടിഞ്ഞുകൂടിയ മണലിന്‍റെ തോതും തിട്ടപ്പെടുത്തുന്നതിന്‍റെ ഭാഗമായി പുതുപൊന്നാനി മുനമ്ബം അഴിമുഖത്ത് ഹൈഡ്രോഗ്രാഫിക് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.


അഴിമുഖത്ത് ഒന്നര മുതല്‍ രണ്ട് മീറ്റര്‍ വരെ ആഴം കൂട്ടാനാണ് പ്രാഥമിക ധാരണയായത്. ഇതിന്‍റെ ഭാഗമായി ഈ മാസം 22, 23 തീയതികളില്‍ ഹൈഡ്രോ ഗ്രാഫിക് വിഭാഗം സര്‍വേ നടത്തും. തുടര്‍ന്ന് എം.എല്‍.എക്ക് സര്‍വേ റിപ്പോര്‍ട്ട് നല്‍കും. തിട്ട നീക്കി ലഭിക്കുന്ന മണല്‍ കരാറുകാരന്‍ തന്നെ വിറ്റ് തുക സര്‍ക്കാറിലേക്ക് അടക്കാനാണ് തീരുമാനം. എന്നാല്‍ താല്‍ക്കാലികമായി മണല്‍ നീക്കിയതുകൊണ്ട് ഫലമില്ലെന്നും, അഴിമുഖത്ത് ജലം സുഗമമായി ഒഴുകിപ്പോകാനുള്ള സ്ഥിരം സംവിധാനമാണ് വേണ്ടതെന്നുമാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. കൂടാതെ അഴിമുഖത്ത് അടിഞ്ഞുകൂടി കിടക്കുന്ന കല്ലുകള്‍ നീക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. പ്രളയത്തിലും കടലാക്രമണത്തിലും അടിഞ്ഞുകൂടിയ മണല്‍ത്തിട്ടകള്‍ മൂലം മത്സ്യബന്ധന തൊഴിലാളികള്‍ക്കും തോണികള്‍ക്കും കടലില്‍ പോകാന്‍ കഴിയുന്നില്ല. ചെറുവള്ളങ്ങള്‍ക്ക് ഉള്‍പ്പെടെ ഇതുവഴി കടന്നപോകാനാകാത്ത സ്ഥിതിയാണ്. കടലും പുഴയും ചേരുന്ന ഭാഗത്ത് മണല്‍ അടഞ്ഞുകിടക്കുന്നത് മാട്ടുമ്മല്‍ പ്രദേശത്ത് വെള്ളപ്പൊക്ക ഭീഷണിയും ഉണ്ടാക്കുന്നുണ്ട്.


ദുരന്ത നിവാരണ മുന്നൊരുക്ക പ്രവൃത്തികളുടെ ഭാഗമായി നേരത്തേ കുറച്ചു ഭാഗത്തെ മണല്‍ നീക്കിയിരുന്നെങ്കിലും അത് പൂര്‍വസ്ഥിതിയിലായി. ഇതിനായി ചെലവഴിച്ച തുകയെല്ലാം ഇപ്പോള്‍ വെള്ളത്തില്‍ വരച്ച വര പോലെയായി. കടവനാട്, പുറങ്ങ്, മാട്ടുമ്മല്‍, വെളിയങ്കോട് എന്നിവിടങ്ങളിലെ വെള്ളം കടലിലെത്താനുള്ള പാതയാണ് പുതുപൊന്നാനി അഴിമുഖം. ഹാര്‍ബര്‍ എന്‍ജിനീയറിങ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ രാജീവ്, അസി. എന്‍ജിനീയര്‍ ജോസഫ് ജോണ്‍, ഹൈഡ്രോ ഗ്രാഫിക് മറൈന്‍ സര്‍വേയര്‍ ഷല്‍ബി എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

ckmnews