23 March 2023 Thursday

അജ്ഞാതവസ്തു വിഴുങ്ങിയ പിഞ്ചുകുഞ്ഞ് മരിച്ചു; പോലീസ് കേസെടുത്തു

ckmnews

ഓച്ചിറ: അജ്ഞാതവസ്തു വിഴുങ്ങിയ ഒരുവയസ്സുകാരൻ മരിച്ചു. ഓച്ചിറ പായിക്കുഴി ലക്ഷ്മി നിവാസിൽ ഷിന്റോയുടെയും ലക്ഷ്മിയുടെയും ഏകമകൻ സരോവറാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടാണ് കുട്ടി അസ്വസ്ഥത കാണിച്ചത്. തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കാനിങ് നടത്തിയതിനെ തുടർന്ന് കളിപ്പാട്ടങ്ങളിലും മറ്റും ഉപയോഗിക്കുന്ന ബട്ടൻ ബാറ്ററി പോലെ തോന്നിക്കുന്ന വസ്തു വയറ്റിൽ കണ്ടെത്തി. വിസർജ്യത്തിലൂടെ പോകുമെന്ന ഉപദേശം ലഭിച്ചതോടെ കുട്ടിയെ പ്രാഥമിക ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് കൊണ്ടുപോയി. എന്നാൽ വ്യാഴാഴ്ച രാവിലെ കുട്ടി കൂടുതൽ അസ്വസ്ഥത കാണിച്ചതോടെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.കുട്ടി വിഷാംശമുള്ള ഏതോ വസ്തു അബദ്ധത്തിൽ കഴിച്ചതാകാമെന്നാണ് വിദഗ്ധ നിഗമനം. പോസ്റ്റ്മോർട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് ഡോക്ടർമാർ പറഞ്ഞു. മൃതദേഹം ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. കൊല്ലം ഉളിയക്കോവിൽ ശ്രീഭദ്ര നഗർ-203, തുഷാരയിൽ ഷിന്റോ കണ്ണൂർ എഴിമല നാവിക അക്കാദമിയിലെ ജീവനക്കാരനാണ്. കായംകുളം കെ.എസ്.എഫ്.ഇ. ശാഖയിലെ ജീവനക്കാരിയാണ് ലക്ഷ്മി. സംസ്കാരം വെള്ളിയാഴ്ച നടക്കും. ഓച്ചിറ പോലീസ് കേസെടുത്തു.