25 April 2024 Thursday

12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിക്കെതിരെ പ്രതിഷേധം; കെഎസ്ആർടിസിയിൽ പണിമുടക്ക്

ckmnews

തിരുവനന്തപുരം:  കെഎസ്ആര്‍ടിസിയില്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിക്കെതിരെ അനിശ്ചിതകാല പണിമുടക്കിനൊരുങ്ങി തൊഴിലാളികള്‍. ഒക്ടോബര്‍ ഒന്ന് മുതലാണ് കെഎസ്ആര്‍ടിസിയിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് പണിമുടക്ക് തുടങ്ങുന്നത്. ടിഡിഎഫ് വര്‍ക്കിംഗ് പ്രസിഡണ്ട് എം വിന്‍സെന്‍റ് എംഎല്‍എയുടെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി സിഎംഡിക്ക് പണിമുടക്കിന് നോട്ടീസ് നല്‍കി. സിംഗിള്‍ ഡ്യൂട്ടിയില്‍ വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അനിശ്ചിതകാല പണിമുടക്കുമായി തൊഴിലാളികള്‍ രംഗത്തെത്തുന്നത്. 28 ശതമാനം തൊഴിലാളികളാണ് ടിഡിഎഫില്‍ അംഗങ്ങളായുള്ളത്. മുഖ്യമന്ത്രിയുമായുള്ള ചര്‍ചയില്‍ എല്ലാ മാസവും 5 ന് മുമ്പ് ശമ്പളം കിട്ടുമെന്ന ഉറപ്പുള്ളതിനാല്‍ തല്‍ക്കാലം പണിമുടക്കേണ്ട എന്നാണ് സിഐടിയു, ബിഎംഎസ്, എഐടിയുസി എന്നീ സംഘടനകളുടെ തീരുമാനം.


കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സർക്കാർ സഹായിച്ചിട്ടും ശമ്പളം പോലും നൽകാനാവാത്തത് കെഎസ്ആര്‍ടിസി മാനേജ്മെന്‍റിന്‍റെ കെടുകാര്യസ്ഥതയാണെന്നാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. സത്യങ്ങൾ മറച്ചുവച്ചാണ് ചില സംഘടനകളുടെ പ്രചാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെഎസ്ആര്‍ടിസിയെ സ്വയംഭരണാധികാരമുള്ള മൂന്ന് ലാഭകേന്ദ്രങ്ങളായി വിഭജിക്കുമെന്നും സിംഗിൾ ഡ്യൂട്ടിയിൽ വിട്ടുവീഴ്ചയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിന്ത വാരികയിലെ ലേഖനത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.


2011-2022 കാലയളവില്‍ മാത്രം 2076 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കിയത്. എന്നാല്‍, ജീവനക്കാര്‍ക്ക് ശമ്പളം പോലും നൽകാനാവാത്തത് കെഎസ്ആര്‍ടിസി മാനേജ്മെന്‍റിന്‍റെ കെടുകാര്യസ്ഥതയെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കെഎസ്ആര്‍ടിസിയെ പൊതുമേഖലയില്‍ നിലനിര്‍ത്തുകയാണ് ലക്ഷ്യം. എന്നാല്‍ ഇത് അത്ര എളുപ്പമല്ലെന്നും മുഖ്യമന്ത്രി പറയുന്നു. കോര്‍പ്പറേഷനെ സ്വയം ഭരണാധികാരമുള്ള മൂന്ന് ലാഭ കേന്ദ്രങ്ങളായി വിഭജിക്കുമെന്നും ഡ്യൂട്ടി പാറ്റേണിലെ മാറ്റങ്ങളില്‍ ഉള്‍പ്പെടെ ജീവനക്കാര്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മാനേജ്മെന്‍റ് തലത്തില്‍ ഉദ്യോഗസ്ഥര്‍ കര്‍ശന നിലപാട് സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ച മുഖ്യമന്ത്രി, കെഎസ്ആര്‍ടിസിയുടെ വിശ്വാസ്യത കൂട്ടാന്‍ ബോര്‍ഡ് ഉണ്ടാക്കുമെന്നും അറിയിച്ചു.