28 March 2024 Thursday

കൊറോണ:കേന്ദ്ര മന്ത്രി വി മുരളീധരന്‍ സ്വയം നിരീക്ഷണത്തില്‍

ckmnews

ന്യൂഡൽഹി: കേന്ദ്ര മന്ത്രി വി.മുരളീധരൻ സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചു. കൊറോണ രോഗം സ്ഥിരീകരിച്ച ഡോക്ടർ ജോലി ചെയ്ത ശ്രീചിത്ര ആശുപത്രിയിൽ സന്ദർശനം നടത്തിയ സാഹചര്യത്തിലാണ് മന്ത്രി സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചത്. അതേ സമയം മന്ത്രിക്ക് രോഗലക്ഷണങ്ങളൊന്നുമില്ല.വിദേശത്ത് നിന്നെത്തിയ ശ്രീചിത്രയിലെ ഒരു ഡോക്ടർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാൾ വിദേശത്ത് നിന്നെത്തിയ ശേഷം മൂന്ന് ദിവസം ആശുപത്രിയിൽ ജോലി ചെയ്യുകയുമുണ്ടായി. ഇതിനിടെ ശനിയാഴ്ച ശ്രീചിത്രയിൽ നടന്ന അവലോകന യോഗത്തിൽ വി.മുരളീധരൻ പങ്കെടുക്കുകയും ചെയ്തു.രോഗം ബാധിച്ച ഡോക്ടറുമായി സമ്പർക്കത്തിലേർപ്പെട്ട മറ്റു ഡോക്ടർമാർ മുരളീധരന്റെ യോഗത്തിൽ പങ്കെടുത്തതായി സംശയമുണ്ടായിരുന്നു. ഈ സാഹചര്യങ്ങൾ വിലയിരുത്തിയാണ് മന്ത്രി സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചത്. ഡൽഹി ഔദ്യോഗിക വസതിയിലാണ് അദ്ദേഹം ക്വാറന്റൈനിൽ കഴിയുന്നത്.ശ്രീചിത്രയിലെ മുപ്പതോളം ഡോക്ടർമാരേയും ജീവനക്കാരേയും കഴിഞ്ഞ ദിവസം നിരീക്ഷണത്തിലാക്കിയിരുന്നു. രോഗം സ്ഥിരീകരിച്ച ഡോക്ടർ ജോലി ചെയ്തിരുന്ന റേഡിയോളജി ലാബ് അടച്ചുപൂട്ടുകയുമുണ്ടായി.