28 March 2024 Thursday

സബ് രജിസ്ട്രാർ ഓഫീസുകളിൽ സമഗ്ര ഓഡിറ്റിംഗ്; ആധാരം വിലകുറച്ച് രജിസ്റ്റർ ചെയ്തത് ഉൾപ്പെടെ കണ്ടെത്തും

ckmnews

സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ സമഗ്ര ഓഡിറ്റിംഗ് നടത്താൻ സർക്കാർ തീരുമാനം. ആധാരം വിലകുറച്ച് രജിസ്റ്റർ ചെയ്തത് ഉൾപ്പെടെ കണ്ടെത്താനാണ് പരിശോധന. സർക്കാരിനുണ്ടായ നഷ്ടം കൈവശക്കാരിൽ നിന്നും ഈടാക്കും. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും സർക്കാർ തീരുമാനിച്ചു. 

ഭൂമിക്ക് ന്യായവില നിശ്ചയിച്ചിട്ടുണ്ടെങ്കിലും പലയിടത്തും വിലകുറച്ചാണ് ആധാരം രജിസ്റ്റർ ചെയ്തതെന്നാണ് സർക്കാർ വിലയിരുത്തൽ. ഇതിലൂടെ കോടിക്കണക്കിന് രൂപയുടെ വരുമാന നഷ്ടം സർക്കാരിനുണ്ടാകുന്നു. ഇതേ തുടർന്നാണ് സബ് രജിസ്ട്രാർ ഓഫീസുകളിൽ സമഗ്രമായ പരിശോധന നടത്താൻ തീരുമാനിച്ചത്. ഇതിനായി ആഭ്യന്തര ഓഡിറ്റ് മാന്വൽ സർക്കാർ അംഗീകരിക്കുകയും ഉത്തരവിറക്കുകയും ചെയ്തു.ഓഡിറ്റ് വിഭാഗം ജില്ലാ രജിസ്ട്രാർ സബ്‌രജിസ്ട്രാർ ഓഫീസുകളിൽ ഓഡിറ്റ് നടത്തും. വിലകുറച്ച് ആധാരം രജിസ്റ്റർ ചെയ്താൽ സ്വമേധയാ നടപടിയെടുക്കാനാണ് തീരുമാനം. സർക്കാരിനുണ്ടായ നഷ്ടം കൈവശക്കാരനിൽ നിന്നും ഈടാക്കും. ഈ നഷ്ടം സബ്രജിസ്ട്രാറുടെ ബാധ്യതയായി കണക്കാക്കും. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും തീരുമാനിച്ചു. വിരമിച്ച ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകും. ഇവർക്ക് മെമ്മോ നൽകിയ ശേഷമാകും നടപടി.ആധാരങ്ങൾക്കു പുറമെ സബ് രജിസ്ട്രാർ ഓഫീസിൽ നടന്ന എല്ലാ ഇടപാടുകളും രജിസ്ട്രേഷൻ ഫീസും ഓഡിറ്റ് ചെയ്യും. സബ് രജിസ്ട്രാർ ഓഫീസുകളിൽ വർഷത്തിലൊരിക്കൽ ഓഡിറ്റ് നടത്താനാണ് നിർദ്ദേശം. ഇതിനായി ജില്ലാ രജിസ്ട്രാറുടെ നേതൃത്വത്തിൽ നാലംഗ സംഘത്തേയും ഓരോ ജില്ലയിലും ചുമതലപ്പെടുത്തി.