29 March 2024 Friday

അട്ടപ്പാടിയില്‍ മൂന്നു വയസ്സുകാരനെ കടിച്ച അയൽപക്കത്തെ നായയ്ക്ക് പേവിഷബാധ

ckmnews

അട്ടപ്പാടിയില്‍ മൂന്നു വയസ്സുകാരനെ കടിച്ച അയൽപക്കത്തെ നായയ്ക്ക് പേവിഷബാധ


പാലക്കാട് ∙ അട്ടപ്പാടി ഷോളയൂരില്‍ മൂന്നു വയസ്സുകാരനെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഷോളയൂർ സ്വർണപിരിവിൽ മണികണ്ഠന്റെയും പാർവതിയുടെയും മകൻ ആകാശിനാണ് തിരുവോണ ദിവസം നായയുടെ കടിയേറ്റത്. നായയെ പിന്നീട് ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. സാംപിള്‍ പരിശോധനയിലാണ് പേവിഷബാധ സ്ഥരീകരിച്ചത്.


വീട്ടുമുറ്റത്ത് ഓടിക്കളിക്കുന്നതിനിടെ അയൽപക്കത്തെ വളർത്തുനായ ഓടിയെത്തി ആകാശിനെ കടിക്കുകയായിരുന്നു. മുഖത്താണു കടിയേറ്റത്. കണ്ണിനോടു ചേർന്ന് ഒന്നിലേറെ മുറിവുകളുണ്ട്. കാറ്റഗറി 3ൽ ഉൾപ്പെട്ട മുറിവായതിനാൽ കുട്ടിക്കു പേവിഷ ബാധയ്‌ക്കെതിരെ സീറവും വാക്സീനും നൽകിയിരുന്നു.



അതേസമയം, തെരുവുനായ ശല്യം നേരിടാന്‍ വാക്സിനേഷന്‍ യജ്ഞം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഈ മാസം 20 മുതല്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന വാക്സിനേഷന്‍ പരിപാടി നടപ്പാക്കുമെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. കോവിഡിനെ പ്രതിരോധിച്ച രീതിയിലാവും തെരുവുനായ പ്രശ്നവും നേരിടുക. നായകളെ പിടികൂടാന്‍ കൂടുതല്‍പേര്‍ക്ക് പരിശീലനം നല്‍കും.