25 April 2024 Thursday

മുംബൈ– അഹമ്മദാബാദ് വന്ദേഭാരത് എക്സ്പ്രസ്:കുതിച്ചുപായാൻ റെഡി

ckmnews

മുംബൈ– അഹമ്മദാബാദ് വന്ദേഭാരത് എക്സ്പ്രസ്:കുതിച്ചുപായാൻ റെഡി


മുംബൈ ∙ രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിനായ വന്ദേഭാരത് എക്സ്പ്രസ് മുംബൈ– അഹമ്മദാബാദ് പാതയിലെ സർവീസ് ഇൗ മാസം 30ന് ആരംഭിച്ചേക്കും. പരീക്ഷണ സർവീസുകളെല്ലാം വിജയമാണ്. ഗുജറാത്തിലെ ഗാന്ധിനഗറിൽ നിന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യാനാണ് സാധ്യത.


ബഹുദൂരം, അതിവേഗം



പരീക്ഷണ ഓട്ടത്തിനിടെ അഹമ്മദാബാദിൽ നിന്നു മുംബൈയിലേക്ക് (492 കിലോമീറ്റർ) 5.10 മണിക്കൂർ കൊണ്ടാണ് ട്രെയിൻ എത്തിയത്. 95.1 കിലോമീറ്ററാണ് മണിക്കൂറിലെ വേഗം. മടക്കയാത്രയിൽ മണിക്കൂറിൽ ശരാശരി 105 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ച് 4.45 മണിക്കൂർ കൊണ്ട് എത്തിച്ചേർന്നു. മണിക്കൂറിൽ 180 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ശേഷിയുള്ളതാണ് വന്ദേഭാരത് ട്രെയിൻ.


മൂന്നാമത്തെ ട്രെയിൻ


രാജ്യത്തെ മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനാണിത്. ന്യൂഡൽഹി– വാരാണസി, ന്യൂഡൽഹി– കത്ര പാതകളിലാണ് നിലവിൽ ഇത്തരം ട്രെയിൻ ഉള്ളത്. 2019 ഫെബ്രുവരിയിലാണ് സർവീസിനു തുടക്കമായത്. എസി ചെയർ, പ്രീമിയം വിഭാഗത്തിലുളള എക്സിക്യൂട്ടീവ് ചെയർ എന്നിങ്ങനെ രണ്ടു ക്ലാസുകളാണുള്ളത്.


സൗകര്യങ്ങൾ ഒത്തിരി


മികച്ച സീറ്റുകൾ, വൈഫൈ, റീഡിങ് ലൈറ്റ്, ഓട്ടമാറ്റിക് വാതിലുകൾ, അഗ്നിബാധ അലാം, സിസിടിവി ക്യാമറ, ബയോ വാക്വം ശുചിമുറികൾ, കേറ്ററിങ് സൗകര്യം, വലിപ്പമേറിയ സൈഡ് ഗ്ലാസുകൾ എന്നിങ്ങനെ മെച്ചപ്പെട്ട സൗകര്യങ്ങൾ ഉള്ളവയാണ് കോച്ചുകൾ. 16 കോച്ചുകളാണ് വന്ദേഭാരത് ട്രെയിനിനുള്ളത്. 1,128 സീറ്റുകളാണ് ഒരു ട്രെയിനിലുള്ളത്.


ബിസിനസുകാർക്ക് നേട്ടം


ശരാശരി 5 മണിക്കൂർ കൊണ്ട് മുംബൈയിൽ നിന്ന് അഹമ്മദാബാദിൽ എത്താമെന്നത് വ്യവസായ, വാണിജ്യ മേഖലയിലുള്ളവർക്ക് വൻ നേട്ടമാണ്. മുംബൈയിൽ നിന്ന് ഏറെ യാത്രാത്തിരക്കുള്ള പാതകളിലൊന്നാണിത്. നിർദിഷ്ട ബുള്ളറ്റ് ട്രെയിൻ പദ്ധതിയും ഇൗ നഗരങ്ങൾക്കിടെയാണ്.