29 March 2024 Friday

ആക്രമണകാരികളായത് കോവിഡ് കാലത്ത് പെറ്റുപെരുകിയവ; 3 ലക്ഷം തെരുവുനായകൾ’

ckmnews

‘ആക്രമണകാരികളായത് കോവിഡ് കാലത്ത് പെറ്റുപെരുകിയവ; 3 ലക്ഷം തെരുവുനായകൾ’


തിരുവനന്തപുരം∙ കോവിഡ് കാലത്ത് പെറ്റുപെരുകിയ നായക്കൂട്ടങ്ങളാണ് ആക്രമണകാരികളായി മാറിയതെന്നു വിദഗ്ധർ. മനുഷ്യസമ്പർക്കമില്ലാതെ വളർന്നതും ഭക്ഷണത്തിന്റെ കുറവുമാണ് ഇവരെ ആക്രമണ സ്വഭാവമുള്ളവയാക്കിയത്. തദ്ദേശവകുപ്പ് വിളിച്ചുചേർത്ത യോഗത്തിലാണ് ഈ അഭിപ്രായം ഉയർന്നത്. നായകൾക്കു പേവിഷ പ്രതിരോധ വാക്സീൻ അടിയന്തരമായി നൽകണമെന്ന നിർദേശവും യോഗത്തിൽ ഉയർന്നു.


പൊതുവെ മനുഷ്യരുമായി ഇണങ്ങി ജീവിക്കുന്ന മൃഗമാണ് നായ. കോവിഡ് കാലത്ത് ജനിച്ച തെരുവുനായകൾ മനുഷ്യരുമായി ഇടപഴകാതെയാണ് വളർന്നത്. ഇങ്ങനെ ആയിരക്കണക്കിനു നായകളാണ് കേരളത്തിലുള്ളത്. ഭക്ഷണം കുറഞ്ഞതും ഇവയെ ആക്രമണകാരികളാക്കി. മൃഗസംരക്ഷണ വകുപ്പിലെയും വെറ്റിനററി സർവകലാശാലയിലെയും വിദഗ്ധരാണ് ഇക്കാര്യം ബന്ധപ്പെട്ട സർക്കാർ വകുപ്പുകളെ അറിയിച്ചത്.



തെരുവുനായകൾക്കു പേവിഷ പ്രതിരോധ വാക്സീൻ നൽകുകയാണ് ഏറ്റവും അടിയന്തരമായി നടപ്പാക്കേണ്ട നടപടി എന്നും വിദഗ്ധർ അറിയിച്ചു. സംസ്ഥാനത്ത് മൂന്ന് ലക്ഷം തെരുവുനായകൾ ഉണ്ടാകുമെന്നാണ് ഏകദേശകണക്ക്. ആറ് ലക്ഷം വൈൽ വാക്സീൻ സംസ്ഥാനത്തുണ്ട്. വാക്സീൻ നൽകുന്ന നായകൾക്കു ചിപ്പ് ഘടിപ്പിക്കുകയോ സ്‌പ്രേ പെയ്ന്റ് ചെയ്യുകയോ ചെയ്യും. ഒരു വർഷമാണ് വാക്സിന്റെ ഫലം നിലനിൽക്കുക. അതിനു ശേഷം വീണ്ടും നൽകേണ്ടിവരും. ആവശ്യമുള്ള വാക്സീൻ വാങ്ങാൻ സർക്കാർ നിർദ്ദേശം നൽകി. ‌‌


എബിസി കേന്ദ്രങ്ങൾ സ്ഥാപിക്കുക, വന്ധ്യംകരണത്തിനു പരിശീലനം ലഭിച്ചവരെ കണ്ടെത്തുക, വന്ധ്യംകരണത്തിനുശേഷം രണ്ട് ദിവസം നായകളെ പരിപാലിക്കുക എന്നിവ ചെലവേറിയതും കൂടുതൽ സമയംവേണ്ടി വരുന്നതുമായ നടപടികളാണ്. ഒരു നായയെ വന്ധ്യംകരിക്കാൻ 1500 രൂപയെങ്കിലും ചെലവ് വരും. പുനരധിവാസ കേന്ദ്രങ്ങൾ സ്ഥാപിക്കുകയും എളുപ്പമല്ല. ഘട്ടം ഘട്ടമായി മാത്രമേ ഇക്കാര്യങ്ങൾ നടപ്പാക്കാവു എന്ന് തദ്ദേശ മന്ത്രി എം.ബി.രാജേഷ് നിർദേശം നൽകിയിട്ടുണ്ട്.