19 April 2024 Friday

ഗ്യാന്‍വാപി ഹരജി നിലനില്‍ക്കുമെന്ന് കോടതി; തുടര്‍വാദം ഈ മാസം 22ന്

ckmnews

ഗ്യാന്‍വാപി ഹരജി നിലനില്‍ക്കുമെന്ന് കോടതി; തുടര്‍വാദം ഈ മാസം 22ന്


ഉത്തർപ്രദേശിലെ ഗ്യാൻവാപി പള്ളിയിൽ നിത്യാരാധന നടത്താന്‍ അനുവാദം തേടി ഒരുകൂട്ടം ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹരജികള്‍ നിലനില്‍ക്കുമെന്ന് വാരാണസി ജില്ലാ കോടതി. ഹരജി നിലനിൽക്കില്ലെന്ന പള്ളി കമ്മിറ്റിയുടെ വാദം കോടതി അംഗീകരിച്ചില്ല. 1991ലെ ആരാധനാലയ സംരക്ഷണ നിയമപ്രകാരം ഹരജിയിലെ ആവശ്യം അംഗീകരിക്കരുതെന്നായിരുന്നു പള്ളി കമ്മിറ്റിയുടെ വാദം. ഹരജിയിലെ തുടര്‍വാദം ഈ മാസം 22ന് തുടങ്ങും.


വാരാ​ണ​സി​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ ഡ​ൽ​ഹി സ്വ​ദേ​ശി​ക​ളാ​യ ല​ക്ഷ്മി ദേ​വി, സീ​ത സാ​ഹു, രാ​ഖി സി​ങ്, മ​ഞ്ജു വ്യാ​സ്, രേ​ഖ പ​ദ​ക് എ​ന്നീ അ​ഞ്ചു സ്ത്രീ​ക​ൾ പ​ള്ളിയുടെ പുറംഭിത്തിയില്‍ പൂ​ജ ന​ടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സി​വി​ൽ കോ​ട​തി​യി​ൽ ഹ​ര​ജി നല്‍കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് അഞ്ജുമാൻ ഇസ്‍ലാമിയ മസ്ജിദ് കമ്മിറ്റി നൽകിയ ഹരജിയിലാണ് ജില്ലാ ജഡ്ജി എ.കെ വിശ്വേശ വിധി പറഞ്ഞത്. ഹരജിയില്‍ വിശദമായ വാദം കേള്‍ക്കുമെന്നാണ് ജില്ലാ ജഡ്ജി വ്യക്തമാക്കിയത്.കീഴ്‌ക്കോടതിയില്‍ നിന്ന് വാരാണസി ജില്ലാ കോടതിയിലേക്ക് സുപ്രിം കോടതിയാണ് കേസ് മാറ്റിയത്. വിഷയത്തിന്റെ സങ്കീർണത കണക്കിലെടുത്താണ് തീരുമാനമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഹരജിയുടെ അടിസ്ഥാനത്തിൽ ഗ്യാൻ​വാ​പി പള്ളിയുടെ ചിത്രീകരണം നടത്താൻ വാരാണസി സിവിൽ കോടതി ഉത്തരവിട്ടിരുന്നു. മസ്ജിദിലെ ചിത്രീകരണത്തിന്റെ റിപ്പോർട്ട് മുദ്രവച്ച കവറിൽ വാരാണസി കോടതിയിൽ സമർപ്പിച്ചു. ഇരുവിഭാഗത്തിന്‍റെയും വാദങ്ങള്‍ കേട്ട ശേഷം കഴിഞ്ഞ മാസം 24നാണ് വിധി പറയാനായി മാറ്റിവെച്ചത്.