19 April 2024 Friday

തൃശൂരിൽ നാശംവിതച്ച് വീണ്ടും മിന്നൽ ചുഴലി ; മരങ്ങൾ കടപുഴകി വീണു, വൻ നാശം

ckmnews



തൃശൂർ∙ തൃശൂരിൽ നാശംവിതച്ച് ചുഴലിക്കാറ്റ്. പടിഞ്ഞാറെ ചാലക്കുടിയിലും മുരിങ്ങൂരിലും വീടുകളുടെ ട്രസ് ഷീറ്റുകൾ മറിഞ്ഞുവീണു. ക്ഷേത്രത്തിലെ ആൽ ഉൾപ്പെടെ ഒട്ടേറെ മരങ്ങൾ കടപുഴകി വീണു. വൈദ്യുതിപോസ്റ്റുകളും തകർന്നു. കുലച്ച വാഴകളും നിലംപൊത്തി.


ചാലക്കുടി പുഴയുടെ രണ്ട് തീരങ്ങളിലായാണ് കാറ്റ് ആഞ്ഞടിച്ചത്. രാവിലെയോടെയായിരുന്നു സംഭവം. കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീണു. വൈദ്യുതി പോസ്റ്റുകളും തകർന്ന് വീണിട്ടുണ്ട്. ഇതേ തുടർന്ന് പ്രദേശങ്ങളിൽ വൈദ്യുതി തടസ്സപ്പെട്ടു.


പ്രളയത്തിന് ശേഷം ഇത് നാലാം തവണയാണ് ചാലക്കുടിയിൽ ചുഴലിക്കാറ്റ് വീശുന്നത്. ഈ വർഷം ജനുവരിയിലും ചാലക്കുടിയിൽ ചുഴലിക്കാറ്റ് വീശിയിരുന്നു. ചാലക്കുടി ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്‌കൂൾ മൈതാനത്തായിരുന്നു കാറ്റ് വീശിയിരുന്നത്. അതിന് മുൻപ് രണ്ട് തവണ ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോഴും വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്.


കാസര്‍കോട് മിന്നല്‍ ചുഴലി, 150 ഓളം മരങ്ങള്‍ കടപുഴകി , അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നു


കാസര്‍കോട്: മാന്യയില്‍ മിന്നല്‍ ചുഴലിക്കാറ്റില്‍ വന്‍ നാശ നഷ്ടം. 150 ഓളം മരങ്ങള്‍ കടപുഴകി വീണു. അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നു. വ്യാപകമായ കൃഷി നാശവുമുണ്ടായി. ഇന്ന് പുലര്‍ച്ചെയാണ് മാന്യയിലെ പട്ടാജെ, മല്ലടുക്ക എന്നിവിടങ്ങളില്‍ മിന്നല്‍ ചുഴലി ഉണ്ടായത്. പ്രദേശത്ത് രാത്രി ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മിന്നല്‍ ചുഴലി ഉണ്ടായത്. പല വീടുകള്‍ക്ക് മുകളില്‍ സ്ഥാപിച്ച ഷീറ്റുകള്‍ കാറ്റില്‍ പറന്നു പോയി. മുന്നൂറോളം വാഴകളും നിരവധി കമുകുകളും നിലപൊത്തിയിട്ടുണ്ട്.