23 April 2024 Tuesday

സംസ്ഥാനത്തെ ഓണാഘോഷങ്ങൾക്ക് തിരുവനന്തപുരത്ത് വര്‍ണാഭമായ ഘോഷയാത്രയോടെ ഇന്ന് കൊടിയിറക്കം

ckmnews

സംസ്ഥാനത്തെ ഓണാഘോഷങ്ങൾക്ക് തിരുവനന്തപുരത്ത് വര്‍ണാഭമായ സാസ്കാരിക ഘോഷയാത്രയോടെ ഇന്ന് കൊടിയിറക്കം. വൈകീട്ട് അഞ്ചിന് മാനവീയം വീഥിയിൽ മുഖ്യമന്ത്രിയാകും സാസ്കാരിക ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യുക. 76 ഫ്ലോട്ടുകളും പത്ത് ഇതര സംസ്ഥാനങ്ങളിലേതുൾപ്പെടെ 77 കലാരൂപങ്ങളും ഘോഷയാത്രയിൽ അണിനിരക്കും. കേന്ദ്രസംസ്ഥാന സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സഹകരണ തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ തുടങ്ങിയവ അവതരിപ്പിക്കുന്ന നിശ്ചല ദൃശ്യങ്ങള്‍ കിഴക്കേകോട്ട വരെ നീളുന്ന ഘോഷയാത്രയില്‍ പങ്കെടുക്കും. പത്ത് ഇതരസംസ്ഥാനങ്ങളിലേയും കേരളത്തിലേയും തനത് കലാരൂപങ്ങള്‍ ഉള്‍പ്പെടെ എണ്‍പതോളം കലാരൂപങ്ങളും ഘോഷയാത്രയ്ക്ക് മിഴിവേകും.വൈകീട്ട് ഏഴിന് നിശാഗന്ധിയിൽ സമാപനസമ്മേളനവും സമ്മാനദാനവും നടക്കും. നടൻ ആസിഫ് അലിയാകും മുഖ്യ അതിഥി. വൈകീട്ട് മൂന്നിന് ശേഷം നഗരത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഘോഷയാത്രയോടനുബന്ധിച്ച് നഗരത്തിൽ പ്രത്യേക ഗതാഗതക്രമീരണവുമുണ്ടാകും.വൈകിട്ട് 5 ന് വെള്ളയമ്പലം മാനവീയം വീഥിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ് ഓഫ് ചെയ്യും. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്, പൊതുവിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടി, ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്‍. അനില്‍, ഗതാഗത മന്ത്രി ആന്‍റണി രാജു, ഘോഷയാത്രാ കമ്മിറ്റി ചെയര്‍മാന്‍ ഡി.കെ. മുരളി എം.എല്‍.എ. തുടങ്ങിയവര്‍ സംബന്ധിക്കും.ഇന്ത്യയുടെയും കേരളത്തിന്‍റെയും വൈവിധ്യമാര്‍ന്ന കലാസാംസ്ക്കാരിക തനിമ വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങള്‍ക്കും കലാരൂപങ്ങള്‍ക്കും വാദ്യഘോഷങ്ങള്‍ക്കുമൊപ്പം അശ്വാരൂഢ സേനയും വിവിധ സേനാവിഭാഗങ്ങളുടെ ബാന്‍ഡുകളും ഘോഷയാത്രയില്‍ അണിനിരക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.